തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ബി സോണ്‍ ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലീഗ് റൗണ്ടിൽ കൊണ്ടോട്ടി ഇഎംഇഎ കോളജിന് വിജയ തുടക്കം. ആദ്യ മത്സരത്തിൽ പെരിന്തൽമണ്ണ ഐഎസ്എസ് കോളജിനെ 3-1 ന് തകർത്താണ് ഇഎംഇഎയുടെ മുന്നേറ്റം.
മൂന്ന് പോയിന്റാണ് നേട്ടം. വിജയികൾക്കായി ഹർഷൽ റഹ്മാൻ ഹാട്രിക് ഗോളുകൾ നേടി. മുപ്പത്തിരണ്ടാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് ഐഎസ്എസ് ആശ്വാസം നേടിയത്. ഹർഷൽ റഹ്മാനാണ് മത്സരത്തിലെ മികച്ച താരം. ഇന്നത്തെ മത്സരങ്ങളിൽ എംഐസി അത്താണിക്കൽ, യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റിനെ നേരിടും. രണ്ടാം മത്സരത്തിൽ എംഇഎസ് മന്പാട്, മജ്ലിസ് കോളജ് പുറമണ്ണൂരിനെയും മൂന്നാമത്തേതിൽ എംഇഎസ് കെവിഎം വളാഞ്ചേരി, അംബേദ്കർ കോളജ് വണ്ടൂരുമായും ഏറ്റുമുട്ടും.
ചാന്പ്യൻഷിപ്പ് കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ഇഎംഇഎ കോളജ് കായിക വിഭാഗം മേധാവി ഡോ. ശിഹാബുദീൻ, എംഎഎംഒ കോളജ് കായിക വിഭാഗം മേധാവി ഡോ. മുജീബ് റഹ്മാൻ, എംഇഎസ് കോളജ് മന്പാട് കായിക വിഭാഗം മേധാവി റഫീഖ് എരത്തിൽ, എംഇഎസ് കെവിഎം വളാഞ്ചേരി കായിക വിഭാഗം മേധാവി എസ്. ദിനിൽ എന്നിവർ പങ്കെടുത്തു.