മുംബൈ: മഹാരാഷ്ട്രയിൽ ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. ഭാര്യയുമായി വഴക്കിട്ടതിനെതുടർന്നാണ് രണ്ട് വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയത്.
32കാരനായ പിതാവ് രാഹുൽ ചവാൻ അറസ്റ്റിലായി. ഇയാൾ കൊലപാതകത്തിനു ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ വഴക്കിട്ടത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു. അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പോലീസ് സ്റ്റേഷനിലേക്ക് പോവുകയും കുറ്റം സമ്മതിച്ചു കീഴടങ്ങുകയുമായിരുന്നു.
ഉടൻ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.