തൃശൂർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബിജെപി പ്രവർത്തകർക്കൊപ്പമാണ് പ്രിന്റു പേരാമംഗലം സ്റ്റേഷനിൽ കീഴടങ്ങിയത്.
സ്വകാര്യ ന്യൂസ് ചാനലിൽ നടത്തിയ ചർച്ചയ്ക്കിടെയാണ് പ്രിന്റു രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്റുവിന്റെ വിവാദ പരാമർശം. കെപിസിസി സെക്രട്ടറി സി.സി.ശ്രീകുമാർ നൽകിയ പരാതിയിലാണ് പ്രിന്റു മഹാദേവിനെതിരെ തൃശൂർ പേരാമംഗലം പോലീസ് കേസെടുത്തത്.
ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല താനെന്ന് കീഴടങ്ങാൻ എത്തിയ പ്രിന്റു പറഞ്ഞു. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.