ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ചെന്നൈയിലെത്തി തെളിവെടുത്തു. ചെന്നൈ സ്മാർട്ട് ക്രിയേഷനിലാണ് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്.
ഇന്ന് രാവിലെ പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ബംഗളൂരു ശ്രീറാം പുരത്തെ ഫ്ലാറ്റിലും, ഹോട്ടലിലും തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് അന്വേഷണ സംഘം സ്വർണം കണ്ടെടുത്തിരുന്നു.
500 ഗ്രാമിലേറെ ഭാരം വരുന്ന സ്വർണക്കട്ടികളാണ് കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കൊളയടിച്ച സ്വർണം ഗോവർദ്ധന് വിറ്റെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി നൽകിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പുളിമാത്ത വീട്ടിൽ നിന്നും സ്വർണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും നേരത്തെ കണ്ടെത്തിയിരുന്നു.
കർണാടക പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.