ഐസ്ക്രീമിൽ നിന്ന് അലർജിയുണ്ടായി ശ്വാസകോശത്തെ ബാധിച്ചതാണ് തന്റെ ഭാര്യയുടെ മരണമെന്ന് നടൻ ദേവൻ. ഭാര്യ സുമയുടെ മരണത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ മനസുതുറന്നത്. സംവിധായകൻ രാമു കാര്യാട്ടിന്റെ മകളാണ് ദേവന്റെ ഭാര്യ സുമ.
‘‘ഭാര്യ മരിച്ചിട്ട് നാല് വർഷമേ ആകുന്നുള്ളൂ. അവള്‍ക്ക് പെട്ടെന്ന് ഐസ്ക്രീമിന്റെ അലർജി വന്നു. ചെന്നൈയിലായിരുന്ന സമയത്ത് ഒരിക്കൽ ഐസ്ക്രീം കഴിച്ചിട്ട് ഭയങ്കരമായ ശ്വാസംമുട്ടല്‍ വന്നിരുന്നു. അന്ന് ആശുപത്രിയില്‍ കാണിച്ച് ഭേദമാക്കി. ഒരു കാരണവശാലും ഐസ്ക്രീം കഴിക്കരുതെന്ന് അന്ന് ഡോക്ടർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു ബ്രാൻഡിന്റെയും കഴിക്കരുതെന്നും ഡോക്ടർ നിർദേശിച്ചിരുന്നു.
പിന്നീട് നാട്ടിലായിരുന്ന ഒരു ദിവസം മകളും അവളുടെ കുഞ്ഞുമൊക്കെ ആയി വീട്ടില്‍ വന്നു. ഞാൻ ചേർത്തലയില്‍ ഒരു ഷൂട്ടിന്റെ തിരക്കലിയാരുന്നു. കുട്ടികള്‍ക്ക് വേണ്ടി ഐസ്ക്രീം വാങ്ങി വച്ചിരുന്നു. അവർ ഊണും ഐസ്ക്രീമുമൊക്കെ കഴിച്ചിട്ട് മടങ്ങി. എനിക്ക് തോന്നുന്നത്, ഐസ്ക്രീം കണ്ടപ്പോൾ അലർജിയുടെ കാര്യം ഓർക്കാതെ എടുത്ത് കഴിച്ചു എന്നാണ്. ഒരു മണിക്കൂറായപ്പോഴേക്കും അവൾക്ക് ശ്വാസ തടസം ഉണ്ടായി. ചേച്ചി ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് ഉരുളുകയാണ് എന്നാണ് ജോലിക്കാരി വിളിച്ച് പറഞ്ഞത്.
ഞാൻ എത്തിയപ്പോഴേക്കും വളരെ സീരിയസ് ആയിരുന്നു കാര്യങ്ങൾ. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഐസ്ക്രീമിന്റെ അലർജി കാരണം ശ്വാസകോശത്തില്‍ സുഷിരങ്ങൾ വന്നു. ശ്വസിക്കുന്ന ശ്വാസം മുഴുവനും പുറത്തേക്ക് പോകും. മാരകമായ അവസ്ഥയായിരുന്നു.’’ദേവന്റെ വാക്കുകൾ.