കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതോടെ മുഖ്യമന്ത്രി മന്ത്രിസഭയെ കബളിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കരാർ ഒപ്പുവച്ചിരിക്കുന്നത് ഒക്ടോബർ 16നാണ്. പത്താം തീയതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടിരുന്നു.
കരാർ ഒപ്പിടാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മേൽ ഉണ്ടായത്? ഏത് തരം ബ്ലാക്ക്മെയിലിംഗാണ് നടന്നിരിക്കുന്നത്? എന്ത് ഗൂഢാലോചനയാണ് നടന്നതെന്ന് പുറത്ത് വരണം. മന്ത്രിസഭയിലോ എൽഡിഎഫിലോ ചർച്ച ചെയ്തില്ല.
സിപിഎം ദേശീയ സെക്രട്ടറി എം.എ.ബേബി പോലും ഇതറിഞ്ഞിട്ടില്ല. ആരും അറിയാതെ ഇത്ര രഹസ്യ സ്വഭാവത്തിൽ പിഎം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള ദുരൂഹത മറനീക്കി പുറത്ത് വരണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ മന്ത്രി കെ.രാജൻ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടു. അപ്പോഴും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മിണ്ടാതിരുന്നു. എത്ര വലിയ കബളിപ്പിക്കലാണ് ഇവർ നടത്തിയത്. എന്തിനാണ് മന്ത്രിസഭ? മന്ത്രിമാർ രാജിവയ്ക്കുന്നതാണ് നല്ലതെന്നും സതീശൻ കൂട്ടിച്ചേർത്തു.