പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻഡിഎ സഖ്യത്തിൽ ഭിന്നത. തങ്ങൾക്ക് 40 സീറ്റ് വേണമെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടതാണ് പുതിയ തർക്കത്തിനു കാരണം.
എന്നാൽ 25 സീറ്റുകളിൽ കൂടുതൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ചു സീറ്റുകളിലും തങ്ങളുടെ പാർട്ടി വിജയിച്ചു. അതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് എൽജെപി നേതൃത്വം വ്യക്തമാക്കി.
അതേസമയം ചിരാഗ് പാസ്വാൻ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയത്തില്‍ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണ്. പ്രശാന്ത് കിഷോറുമായി സഖ്യം തള്ളിക്കളയനാവില്ലെന്നും ചിരാഗ് പാസ്വാൻ വ്യക്തമക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച എൽജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അനുനയ ശ്രമങ്ങളുടെ ഭാഗമായി രാജ്യസഭാ സീറ്റുകളും എംഎൽസി സീറ്റുകളും പാസ്വാന് എൻഡിഎ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്.