തൃശൂർ: ബംഗളൂരുവില്‍നിന്ന് 75 ലക്ഷം രൂപയുമായി ബസില്‍ വന്നിറങ്ങിയ അറ്റ്ലസ് ബസ് ഉടമയുടെ പണം തട്ടിയെടുത്ത് കവർച്ചാ സംഘം. എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നുമാണ് ഒരു സംഘം പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയാണ് കവര്‍ച്ച നടന്നത്.
ബസ് വിറ്റ് കിട്ടിയ പണമാണ് നഷ്ടപ്പെട്ടതെന്നാണ് മുബാറക്ക് പോലീസിന് നല്കിയ മൊഴി. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാഗ് വച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവന്ന് ചായ കുടിക്കാൻ തുടങ്ങിയ ഉടനെയായിരുന്നു കവർച്ച.
തൊപ്പിവച്ച യുവാവ് ബാഗ് എടുത്ത് വാഹനത്തിനടുത്തേക്ക് നടന്നു. ബാഗ് കൊണ്ടുപോകുന്നത് കണ്ടയുടനെ മുബാറക് തടയാൻ ശ്രമിച്ചെങ്കിലും സംഘം ഇന്നോവ കാറിൽ കയറി രക്ഷപ്പെട്ടു. ഇതോടെ മുബാറക് തൊട്ടടുത്ത മണ്ണൂത്തി പോലീസില്‍ പരാതി നല്കി. പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
മോഷണ സംഘമെത്തിയ വാഹനത്തിന് മുന്നിലും പിന്നിലും രണ്ടു നമ്പരുകളായിരുന്നു ഉണ്ടായിരുന്നത്. ഹൈവേ കേന്ദ്രീകരിച്ച് പണം തട്ടിയെടുക്കുന്ന കുഴല്‍പ്പണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മുബാറക്കിന്റെ സാമ്പത്തിക ശ്രോതസുകളും പരിശോധിക്കുന്നുണ്ട്.