ഒരിക്കൽ ആഹ്ലാദത്തോടെ നമ്മൾ മുങ്ങിക്കുളിച്ചിരുന്ന കുളങ്ങളും തോടുകളുമൊക്കെ രോഗാണുക്കളുടേതായി. നമ്മളെറിഞ്ഞ മാലിന്യങ്ങളും നമുക്കുള്ള മരണശയ്യ ഒരുക്കി. അതിലൊന്നായ അമീബിക് മസ്തിഷ്കജ്വരം ഇന്നലെയും ജീവനെടുത്തു.
തൊണ്ണൂറ്റിയേഴ് ശതമാനം മരണനിരക്കുള്ള അമീബിക് മസ്തിഷ്കജ്വരത്തെ പിടിച്ചുകെട്ടാൻ വൈകരുത്. ഒരു മാസത്തിനിടെ അഞ്ചുപേരാണ് കേരളത്തിൽ മരിച്ചത്. മലപ്പുറം വണ്ടൂർ സ്വദേശി ശോഭനയാണ് ഇന്നലെ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ചാമത്തെ മരണം. 11 പേർകൂടി ചികിത്സയിലുണ്ട്.
രോഗം വന്നാൽ മരണം മിക്കവാറും ഉറപ്പായ ഈ ജ്വരത്തിനു മരുന്നല്ല, പ്രതിരോധമാണ് ആവശ്യം. സർക്കാർ അതു ഫലപ്രദമാക്കേണ്ടതുണ്ട്. നമ്മുടെ ജീവൻ നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്നു ജനങ്ങളും തിരിച്ചറിയണം. ഒരിക്കൽ ആഹ്ലാദത്തോടെ നമ്മൾ മുങ്ങിക്കുളിച്ചിരുന്ന കുളങ്ങളും തോടുകളുമൊക്കെ രോഗാണുക്കളുടേതായി. നമ്മളെറിഞ്ഞ മാലിന്യങ്ങളും നമുക്കുള്ള മരണശയ്യ ഒരുക്കി. ആദ്യം ആ ജലാശയങ്ങളിൽനിന്നു വിട്ടുനിന്നു രോഗസാധ്യത ഒഴിവാക്കാം. പിന്നീട് അവയെ ശുചിയാക്കി അടുത്ത തലമുറയെ രക്ഷിക്കാം.
തലവേദന, പനി, ഛര്‍ദി, ഒാക്കാനം, കഴുത്തു തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഈ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവർ കുളത്തിലോ തോട്ടിലോ സ്വിമ്മിംഗ് പൂളിലോ കുളിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കണം എന്നതാണ്. എത്ര പെട്ടെന്നു ചികിത്സ ആരംഭിക്കുന്നോ അത്രയും രക്ഷാസാധ്യതയുണ്ട്.
ഇന്നലത്തെ മരണത്തോടെ, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍തന്നെ ചികിത്സയില്‍ ആയിരുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ ഒരു മാസത്തിനിടെ മരിച്ചു. കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് 2024 ജൂലൈയിൽ ഇന്ത്യയിലാദ്യമായി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ അതു സഹായകമായിട്ടുണ്ട്. പക്ഷേ, ഇപ്പോൾ രോഗബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണ്. ഇതു വടക്കൻ ജില്ലകളിൽ മാത്രമല്ല, കേരളത്തിൽ എവിടെയും പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്.
നെഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ അമീബകൾ നമ്മുടെ ചുറ്റും ധാരാളമായുണ്ട്. വൈറസുകളെയും ബാക്ടീരിയകളെയുംപോലെ ഏകകോശജീവിയാണ്.
ഇവയ്ക്ക് ജീവിക്കാൻ അനുകൂലമായ സാഹചര്യം ഒരുങ്ങുകയും വലിയ അളവിൽ തലച്ചോറിലെത്തുകയും ചെയ്യുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. കുളിക്കുന്പോൾ മൂക്കിനെയും മസ്തിഷ്കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്കു കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു.
അമീബ യുടെ അണുക്കള്‍ ഉള്ള വെള്ളം കുടിക്കുന്നതിലൂടെ സാധാരണയായി രോഗം പിടിപെടില്ല. ദഹനവ്യവസ്ഥയിലെ ആസിഡിന്റെ സാന്നിധ്യം അണുക്കളെ നശിപ്പിക്കാൻ പര്യാപ്തമായതിനാലാണിത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയ പഠനഫലങ്ങൾ കുറവാണ്. രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരില്ല.
അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. നിലവിൽ ഫലപ്രദമായ മരുന്നോ ചികിത്സയോ ഇല്ല. ഫലപ്രദമെന്നു കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തില്‍ മരുന്നു നൽകിത്തുടങ്ങിയാല്‍ രോഗം ഭേദമാകാനുള്ള സാധ്യതയേറെയാണ്.
അപൂര്‍വ അമീബിക് മസ്തിഷ്കജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസ് ഫംഗസ് മസ്തിഷ്ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെ ഒരാഴ്ചമുന്പ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ രക്ഷിച്ച വാർത്ത ആശാവഹവും ലോകത്തുതന്നെ അപൂർവവുമായിരുന്നു. പക്ഷേ, ആ ചികിത്സ എപ്പോഴും ഫലിക്കില്ല. അതുകൊണ്ട് പ്രതിരോധത്തിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്.
കരുതൽ ഇങ്ങനെ തുടരാം. ജലാശയങ്ങളിലെ കുളി ഒഴിവാക്കുക. കുട്ടികളെ വീട്ടിൽത്തന്നെ കുളിക്കാൻ നിർബന്ധിക്കുക. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക. സംസ്ഥാനത്തെ എല്ലാ വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വാട്ടർ ടാങ്കുകളിലെയും കിണറുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് അതിവേഗം ഉറപ്പാക്കണം. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ അടിയന്തരനിർദേശം നൽകാൻ വൈകരുത്.