ഷിക്കാഗോ: മൗണ്ട് പ്രോസ്പെക്ടൽ നിവാസികളായ ഞീഴൂർ അറക്കപ്പറമ്പിൽ സനീഷ്-അനീറ്റ ദമ്പതികളുടെ മകൻ ഷോൺ ജോൺ അമേരിക്കയുടെ അണ്ടർ 17 വോളിബോൾ ടീമിലിടം പിടിച്ചു. 15-ാം വയസിലാണ് ഷോൺ മലയാളികൾക്കാകെ അഭിമാനകരമായ നേട്ടം യുഎസിൽ സ്വന്തമാക്കിയത്.
അണ്ടർ 17 യുഎസ് ടീമിലിടം പിടിച്ച യുവതാരം നവംബർ ഒൻപതിന് കൊളറാഡോ സ്പ്രിംഗ്സിലെ ഒളിമ്പിക് ആൻഡ് പാര ഒളിമ്പിക് ട്രെയിനിംഗ് സെന്ററിലേക്ക് പരിശീലനത്തിനായി പോകും. അന്തിമ ടീമിൽ ഇടം ലഭിച്ചാൽ നവംബർ 18 മുതൽ 23 വരെ നിക്കാരാഗ്വയിലെ മനാഗ്വയിൽ നടക്കുന്ന NORCECA ബോയ്സ് U 17 കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ ഷോൺ പ്രതിനിധീകരിക്കും.
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും കെസിവൈഎൽ അംഗവുമായ ഷോണിന്റെ വോളിബോൾ യാത്ര ആരംഭിച്ചത് 2022-ൽ കെസിഎസ് ചിക്കാഗോ ആരംഭിച്ച ബോയ്സ് ആൻഡ് ഗേൾസ് ക്യാമ്പിലൂടെയായിരുന്നു.
ക്യാമ്പിലെ പരിശീലനത്തിലൂടെ ഷോൺ റിവർ ട്രെയിൽസ് മിഡിൽ സ്കൂൾ ടീമിനെ തുടർച്ചയായി രണ്ട് വർഷം ചാമ്പ്യന്മാരാക്കി. തുടർന്ന് സ്കൂളിലെ ഏഴ്, എട്ട് ഗ്രേഡുകളിൽ സ്കൂളിന് ആദ്യമായി കോൺഫറൻസ് ചാമ്പ്യൻഷിപ്പ് നേടിക്കൊടുക്കുകയും ചെയ്തു.
2023-ൽ, ഷോൺ ഒരു പ്രമുഖ ക്ലബ് ടീമിൽ (Mod Vollyball club , Northbrook) ചേർന്നു. അവരുടെ എലിറ്റ് ടീമിൽ സ്ഥാനം നേടി. കഴിഞ്ഞ ജൂലൈയിൽ ഫ്ലോറിഡയിലെ ഓർലാൻഡോയിൽ നടന്ന എഎയു നാഷണൽ ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയത് കുട്ടി താരത്തിന്റെ ക്ലബ് കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു.
ഹൈസ്കൂൾ തലത്തിലും ഷോൺ മികച്ച പ്രകടനം കാഴ്ചവച്ചു. ആർലിംഗ്ടൺ ഹൈറ്റ്സിലെ ജോൺ ഹെർസി ഹൈസ്കൂളിലെ ഫസ്റ്റ് ഇയർ വിദ്യാർഥിയായിട്ടും അദ്ദേഹം വാർസിറ്റി ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ, ക്ലബ് തലത്തിൽ മികവ് തുടർന്ന ഷോൺ മാർച്ചിലും സെപ്റ്റംബറിലും കൊളറാഡോ സ്പ്രിംഗ്സിൽ നടന്ന നാഷണൽ ഡെവലപ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് (NTDP) തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഡിസംബറിngx (അനഹൈം, കാലിഫോർണിയ), അടുത്ത വർഷം മാർച്ചിലും (കൊളറാഡോ സ്പ്രിംഗ്സ്) നടക്കുന്ന NTDP ക്യാമ്പുകളിലും പങ്കെടുക്കാൻ ഷോൺ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
യുഎസ്എയുടെ ജഴ്സി ധരിക്കുന്നത് തനിക്ക് സ്വപ്ന തുല്യമായ കാര്യമാണെന്നും വോളിബോൾ കളിച്ചു തുടങ്ങിയ നാൾ മുതൽ ഇത് സ്വപ്നം കണ്ടിരുന്നുവെന്നും ഷോൺ പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച് പിന്തുണച്ച പരിശീലകർക്കും കൂട്ടുകാർക്കും കുടുംബത്തിനും താരം നന്ദി രേഖപ്പെടുത്തി.
മകന്റെ നേട്ടത്തിൽ അത്യന്തം അഭിമാനിക്കുന്നുവെന്നും ദേശീയ തലത്തിലേക്ക് എത്തിയ അവന്റെ പ്രയത്നത്തിന്റെ സന്തോഷമുണ്ടെന്നും മാതാപിതാക്കളായ സനീഷും അനീറ്റയും പ്രതികരിച്ചു. അവന്റെ കഠിനാധ്വാനവും ആത്മാർഥതയും ഞങ്ങൾക്ക് പ്രചോദനമാണ്. ഷോൺ ടീം യുഎസ്എയെ പ്രതിനിധീകരിച്ച് സ്വപ്നം യാഥാർഥ്യമാക്കുന്നത് കാണാൻ ഞങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുകയാണെന്നും അവർ പ്രതികരിച്ചു.
നിലവിൽ ജോൺ ഹേഴ്സി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഷോൺ. ഷെയ്ൻ, സാം, ആനി എന്നിവർ സഹോദരങ്ങളാണ്.