ഡിപ്രഷൻ എന്ന അവസ്ഥയെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. പണ്ടത്തെ വട്ടിനെ ഇപ്പോൾ ഡിപ്രഷെന്ന് പേരിട്ടു വിളിക്കുകയാണെന്നും ഒരു പണിയുമില്ലാത്തവർക്ക് വരുന്നതാണ് ഡിപ്രഷൻ എന്നും ഒരു അഭിമുഖത്തിൽ കൃഷ്ണപ്രഭ പറഞ്ഞിരുന്നു.
ഇപ്പോഴിതാ കൃഷ്ണപ്രഭയെ രൂക്ഷമായി വിമർശിച്ച് ഒരു സൈക്കോളജിസ്റ്റ് പങ്കുവച്ച വീഡിയോ, നടി സാനിയ അയ്യപ്പൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്.
കൃഷ്ണപ്രഭയും അഭിമുഖം നടത്തിയ ആളും ചേർന്ന് മാനസികാരോഗ്യ പ്രശ്നങ്ങളെ കളിയാക്കി നിസാരവൽക്കരിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നാണ് ആരോപണം.
പണ്ടൊക്കെ ഇതിനെ വട്ട് എന്നാണു പറഞ്ഞിരുന്നതെന്നും ഇപ്പോൾ ഡിപ്രഷൻ, മൂഡ് സ്വിംഗ്സ് എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്നു എന്നും കൃഷ്ണപ്രഭ പറയുന്നുണ്ട്.
ചിരിച്ചു കളിയാക്കികൊണ്ടാണ് കൃഷ്ണപ്രഭയും ഇന്റർവ്യൂ ചെയ്ത വ്യക്തിയും സംസാരിക്കുന്നത്. കൃഷ്ണപ്രഭയുടെ ഈ പരാമർശങ്ങൾക്കെതിരെ സൈക്കോളജിസ്റ്റ് ശക്തമായ വിമർശനം ഉന്നയിച്ചു വീഡിയോ പങ്കുവച്ചു.
ഈ വീഡിയോയാണ് സാനിയ അയ്യപ്പൻ ഷെയർ ചെയ്തത്. മാനസികാരോഗ്യ വിഷയങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, കൃഷ്ണപ്രഭയുടെ ഈ പരാമർശം തികച്ചും അപക്വവും വേദനാജനകവുമാണ് എന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
‘‘ഇപ്പോൾ ഉള്ള ആൾക്കാർ പറയുന്നത് കേൾക്കാം, അവർക്ക് ഓവർ തിങ്കിംഗ് ആണ്, ഡിപ്രഷൻ വരുന്നു എന്നൊക്കെ. ഇങ്ങനെ പല പുതിയ വാക്കുകളും വരുന്നുണ്ട്. മൂഡ് സ്വിംഗ്സ് എന്നൊക്കെ പറയുന്നത് കേൾക്കാം. പക്ഷേ ഞങ്ങൾ ഇങ്ങനെ കളിയാക്കി പറയും, പണ്ടത്തെ വട്ട് തന്നെ.. ഇപ്പോൾ ഡിപ്രഷൻ എന്നൊക്കെ പുതിയ പേരിട്ട് വിളിക്കുന്നു എന്നേ ഉള്ളൂ. ഇതൊക്കെ വരാൻ കാരണം എന്താണെന്നു അറിയാമോ, പണി ഒന്നും ഇല്ലാത്തതുകൊണ്ടാണ്.’’– കൃഷ്ണ പ്രഭ അഭിമുഖത്തിൽ പറയുന്നു.
സാനിയ അയ്യപ്പൻ പങ്കുവച്ച വീഡിയോയിൽ കൃഷ്ണപ്രഭയുടെ വാക്കുകളും അതിനു മറുപടി പറയുന്ന സൈക്കോളജിസ്റ്റിനെയും കാണാം.
‘‘ആരാന്റമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് അല്ലേ. പൊതുവായിട്ടുള്ള ഒരു ധാരണയാണ് മടി പിടിച്ചിരിക്കുന്നത് കാരണം, വേറൊന്നും ചെയ്യാൻ ഇല്ലാത്തത് കാരണം ഒരുപാട് ഫ്രീ ടൈം ഉള്ളത് കാരണം..
അതുകൊണ്ട് മാത്രമാണ് ഡിപ്രഷൻ, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് ഒക്കെ വരുന്നതെന്ന്. പക്ഷേ ഇതുകൊണ്ടു മാത്രമല്ല മാനസിക രോഗങ്ങൾ വരുന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ചിലപ്പോൾ ജോലി സബന്ധമായിരിക്കും, ചിലപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കും, ചിലപ്പോൾ കുടുംബ സംബന്ധമായത് ആയിരിക്കും, ചിലപ്പോൾ ജൈവികമായ കാരണങ്ങളോ ജനിതക കാരണങ്ങളോ ആയിരിക്കും. ഇതിനൊക്കെ പല കാരണങ്ങൾ ഉണ്ട്.
ഇതൊന്നും അറിയാൻ പാടില്ലെങ്കിൽ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുക. ഇതൊന്നും ചിരിച്ചു തള്ളാനുള്ള കാര്യങ്ങളല്ല. ബാക്കി ഉള്ളവർക്ക് വരുമ്പോഴേ നമുക്ക് ചിരിച്ചു തള്ളാൻ പറ്റൂ , നമ്മൾ ആ പ്രശ്നങ്ങൾ നേരിടുമ്പോൾ മാത്രമേ നമുക്ക് അത് മനസിലാകൂ.
അതുകൊണ്ടു മാനസിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു മുൻപ് ഇതൊക്കെ മനസിലാക്കാൻ ശ്രമിക്കുക. അല്ലാതെ ഈ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരെ വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിവിടരുത്.’’ കൃഷ്ണപ്രഭയുടെ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് സൈക്കോളജിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ്.