ചെന്നൈ: കാഞ്ചീപുരത്ത് ഹൈവേയിൽ വൻ കവർച്ച നടന്ന സംഭവത്തിൽ അഞ്ചു മലയാളികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിലാണ് അറസ്റ്റ്.
മലയാളികളായ സന്തോഷ്, സുജിത് ലാൽ, ജയൻ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് ഇവർ. കാഞ്ചിപുരം പോലീസ് കേരളത്തിലെത്തിയാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവർ അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികൾ എന്ന് പോലീസ് പറയുന്നു. സംഘത്തിലെ മറ്റ് 12 പേരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. 17 അംഗസംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നു പോലീസ് വ്യക്തമാക്കി. മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്സ് കമ്പനിയുടെ എസ്യുവി തടഞ്ഞായിരുന്നു മോഷണം.
മുംബൈ ബോര്‍വാലി സ്വദേശി ജതിന്റെ പരാതിയിലാണു നടപടി. 2017 മുതല്‍ കൊറിയര്‍ കമ്പനി നടത്തിയിരുന്ന ജതിന്, കമ്മിഷന് അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നല്‍കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ നാലരക്കോടി രൂപയുമായി ബംഗളൂരുവില്‍ നിന്നു ചെന്നൈയിലെ സൗക്കാര്‍പെട്ടിലേക്കു പണവുമായി രണ്ടു ഡ്രൈവര്‍മാരെ അയച്ചിരുന്നു. വാഹനം ചെന്നൈ-ബെംഗളുരു ദേശീയപാത വഴി കാഞ്ചീപുരത്ത് എത്തിയപ്പോള്‍, കേരളത്തില്‍ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലായെത്തി കാര്‍ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ കൈക്കലാക്കി.
ആര്‍ക്കോട്ട് ഭാഗത്തെത്തിയപ്പോള്‍ കാറും ഡ്രൈവര്‍മാരെയും ഉപേക്ഷിച്ച് പണവുമായി രക്ഷപ്പെട്ടു. പ്രത്യേക സംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണു കവര്‍ച്ചസംഘം കേരളത്തില്‍ നിന്നുള്ളവരാണെന്നു തമിഴ്നാട് പോലീസ് കണ്ടെത്തിയത്.
കേരളത്തിലെത്തിയ പോലീസ് സംഘം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 12 പേരെ പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താന്‍ ഒരു സംഘം കേരളത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.