Kerala
തൃശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമോ എന്ന കാര്യമാണ് കോടതി പരിഗണിക്കുക.
വിഷയത്തിൽ ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി.
ഇടപ്പള്ളി- മണ്ണുത്തി പാതയിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോർട്ടാണ് മോണിറ്ററിംഗ് കമ്മറ്റിയും തൃശൂർ ജില്ലാ കളക്ടറും കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് അപൂർണമാണെന്ന് കാണിച്ച് വ്യാഴാഴ്ച വരെ ടോൾ പിരിവ് തടഞ്ഞിരുന്നു. തുടർന്നാണ് ഇന്ന് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി. ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തത്കാലം ഹൈക്കോടതി പുനഃപരിശോധിക്കില്ല.
ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നതിനായി ദേശീയപാത അതോറിറ്റി നൽകിയ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ചയിലേക്ക് മാറ്റിവച്ചു.
പാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിരുന്നു. ഇതില്‍ റോഡിലെ പ്രശ്നങ്ങൾ കണ്ടെത്തിയ 18 ൽ 13 ഇടങ്ങളിലേയും പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചുവെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് പോലും പൂര്‍ണമല്ലെന്നാണ് കോടതി പറഞ്ഞത്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് നല്‍കാമോ എന്ന് ചോദിച്ചു. എന്നാൽ കൂടുതൽ സമയം വേണമെന്ന് കളക്ടര്‍ പറഞ്ഞു.
ഇതോടെ പ്രശ്നങ്ങൾ നിസാരമായി എടുക്കരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി. പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ടോള്‍ സംബന്ധിച്ച് ആലോചിക്കാമെന്നും കോടതി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേർന്ന റിവ്യൂ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങണമെന്നും മുഖ്യമന്ത്രി ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടു.
ദേശീയപാതാ അതോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ, ചില മേഖലകളിൽ സ്തംഭനമുണ്ട്. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിർമാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുൻകൈയെടുക്കണം. കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്ത് വേണം പ്രവൃത്തികൾ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി. രാജീവ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനമെടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്‍വീസ് റോഡുകളുടേതടക്കം അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ ദേശീയ പാത അതോറിറ്റി ഇന്ന് അറിയിച്ചു. നേരത്തെ കുരുക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ പ്രശ്നമില്ലെന്നും ഗതാഗതം സുഗമമായി നടക്കുന്നുവെന്നും സർവീസ് റോഡുകളും ഗതാഗത യോഗ്യമാണെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. എന്നാൽ പോലീസ് റിപ്പോർട്ട് അത്തരത്തില്‍ അല്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.
ടോള്‍ പിരിവ് പുനഃസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി.
ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. കേന്ദ്ര സർക്കാരിനോടും നിലപാട് വ്യക്തമാക്കാൻ ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
ഇടപ്പളളി, മണ്ണൂത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് തടഞ്ഞത്. ഈ സമയ പരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി വീണ്ടും പരിഗണിച്ചത്.
National
കൊച്ചി: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സെപ്റ്റംബർ ഒൻപത് വരെ ടോൾ പിരിവ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. സർവീസ് റോഡ് നന്നാക്കിയെന്ന എൻഎച്ച്എഐയുടെ ന്യായീകരണം തള്ളിയാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോൾ പിരിവിന് അനുമതി നിഷേധിച്ചത്.
സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയ എന്‍എച്ച്എഐ ഏതാനും ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്‍വീസ് റോഡുകള്‍ ഇതുവരെയും പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
ഇതിനു പിന്നാലെ കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നംഗ സമിതി വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ഒരു റിപ്പോർട്ട് കൂടി സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
National
ന്യൂഡല്‍ഹി: മോശം റോഡിന് ടോള്‍ നല്‍കുന്നത് എന്തിനെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ദേശീയപാതയിൽ 12 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങൾ 150 രൂപ ടോളായി നൽകുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചത്.
പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റീസ് എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീലില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി.
കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുന്നോയെന്ന് ജസ്റ്റീസ് വിനോദ് ചന്ദ്രന് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. റോഡിന്റെ അവസ്ഥ എത്ര പരിതാപകരമാണ്, അതാണ് പ്രധാന പ്രശ്നമെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രന് പറഞ്ഞു.
ദേശീയപാതയിലെ മുരിങ്ങൂരിൽ ലോറി മറിഞ്ഞാണ് ഗതാഗത തടസം ഉണ്ടായതെന്നു ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത മറുപടി നൽകി. ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതാണെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രൻ പറഞ്ഞു.
Kerala
ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ വിഷയത്തിൽ ദേശീയപാതാ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി സമർപ്പിച്ച അപ്പീലിലാണ് ബെഞ്ചിന്റെ പരാമർശം.
പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ജനങ്ങളിൽനിന്ന് ടോൾ വാങ്ങി അവർക്ക് അതിന്റെ സേവനം നൽകാതിരിക്കലാണിത്. റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോള്‍ പിരിവ് നാലാഴ്ചത്തേത്ത് നിര്‍ത്തിവച്ചത്.