മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ദേശീയപാതയിൽ പെട്രോൾ പമ്പ് ജംഗ്ഷനിൽനിന്നു കൂട്ടിക്കൽ റോഡിലേക്ക് കയറുന്ന നടപ്പാത കാടു കയറി മൂടിയ നിലയിൽ.
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹനങ്ങളും മുണ്ടക്കയം ടൗണിൽ കയറാതെ കൂട്ടിക്കൽ റോഡിലേക്ക് എളുപ്പത്തിൽ എത്താവുന്ന റോഡാണിത്. കൂടാതെ, സിഎംഎസ് ഹൈസ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ അടക്കമുള്ളവരുടെയും ചെളിക്കുഴി ഭാഗത്തുനിന്ന് മുണ്ടക്കയം ടൗണിലേക്ക് വരുന്ന കാൽനട യാത്രക്കാരുടെയും പ്രധാന ആശ്രയമാണ് ഈ ചെറുറോഡ്.
എന്നാൽ, റോഡിന്റെ വശങ്ങൾ കാട് മൂടിക്കിടക്കുന്നതും സമീപത്തെ പുരയിടത്തിലെ ചെറുമരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നതും ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുകയാണ്. കൂടാതെ, റോഡിലൂടെ വെള്ളം കുത്തിയൊഴുകി റോഡിന്റെ വശങ്ങളിൽ വഴുക്കലുള്ളതും അപകടസാധ്യത വർധിപ്പിക്കുന്നു.
കാൽനടയാത്രക്കാരുടെ എണ്ണം കുറവുള്ള സമയങ്ങളിൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായും മദ്യപസംഘങ്ങളും ലഹരിവിതരണക്കാരും ഇവിടെ തന്പടിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
അതുകൊണ്ടുതന്നെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പല സമയങ്ങളിലും ഇതുവഴി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അടിയന്തരമായി റോഡിന്റെ വശത്തെ കാടുപടലങ്ങൾ വെട്ടിമാറ്റി ഇതുവഴിയുള്ള യാത്ര സുഗമമാക്കണമെന്ന ആവശ്യം ശക്തമായി.