ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് വിവരം. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും വിജയ് ഒന്നിച്ചുകാണുമെന്നും ടിവികെ വൃത്തങ്ങൾ അറിയിച്ചു.
ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിനുശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു.
നാമക്കലിലെ കല്യാണമണ്ഡപം തയാറാക്കിയെങ്കിലും കരൂരിൽ തന്നെ പരിപാടി നടത്തണമെന്ന് വിജയ് നിർദേശിച്ചു. കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം.