കുറവിലങ്ങാട്: എംസി റോഡ് കോട്ടയം കുറവിലങ്ങാടിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരട്ടി സ്വദേശി സിന്ധു (45)ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടോടുകൂടി ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്.
ഇരട്ടി സ്വദേശികൾ സഞ്ചരിച്ച ബസ് തിരുവന്തപുരത്തേക്ക് പോയി അവിടെനിന്ന് തിരികെ ഇരട്ടിയിലേക്ക് പോകുന്പോഴായിരുന്ന അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്നാണ് കരുതുന്നത്.
49ഓളം പേർ ബസിൽ ഉണ്ടായിരുന്നെന്നാണ് സൂചന. 18 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.