ബംഗളൂരു: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിക്കുകയാണ്. കേരളത്തിൽ നിരവധി ഭൂമി ഇടപാടുകൾ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയിരുന്നു.
ഇതിന് സമാനമായി ബംഗളൂരുവിലും ഇയാൾ ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളും പിടിച്ചെടുത്തതായി സൂചനയുണ്ട്. അതേസമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ചെന്നൈയിലെത്തി തെളിവെടുത്തു.
ചെന്നൈ സ്മാർട്ട് ക്രിയേഷനിലാണ് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്. ഇവിടെ നിന്നും നിർണായക തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് അന്വേഷണ സംഘം സ്വർണം കണ്ടെടുത്തിരുന്നു.