സിനിമയിൽ ജോലി ചെയ്യുന്ന അഭിനേതാക്കൾക്കും ടെക്നീഷ്യൻസിനും ക്രൂ അംഗങ്ങളുമുൾപ്പെടയുള്ളവർക്ക് കൃത്യമായ ജോലി സമയവും അടിസ്ഥാന സൗകര്യങ്ങളും ഒരു പോലെ വേണമെന്ന നടി ദീപിക പാദുക്കോണിന്റെ പഴയൊരു അഭിമുഖത്തിലെ വാക്കുകൾ പങ്കുവച്ച് അഹാന കൃഷ്ണ.
സിനിമയുടെ കാര്യം വരുമ്പോൾ വാരാന്ത്യങ്ങൾ അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചയ്ക്കു പോലും എന്തുകൊണ്ടാണ് ഒരു പ്രസക്തിയും ഇല്ലാത്തത് എന്ന ചോദ്യത്തോടെയാണ് അഹാന കൃഷ്ണയുടെ സ്റ്റോറി പങ്കുവച്ചിരിക്കുന്നത്. 2022ൽ അനുപമ ചോപ്രയ്ക്കു നൽകിയ അഭിമുഖമാണ് സ്റ്റോറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദീപിക പദുക്കോൺ തനിക്കുവേണ്ടി മാത്രമല്ല, സെറ്റിലെ മുഴുവൻ ക്രൂ അംഗങ്ങൾക്കുവേണ്ടിയും വാദിച്ച അഭിമുഖം എന്ന പേരിൽ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
2025-ലും അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടി ഒരു കലാകാരനോ ഒരു ക്രൂ അംഗമോ പോരാടേണ്ട അവസ്ഥ ഉണ്ടാകരുത് എന്ന് ദീപിക വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു.
‘ജോലി സമയം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ ഇതൊന്നും ആഡംബരമല്ല, അത് ബഹുമാനമാണ്. അഭിനേതാവിനോടും, ക്രൂവിനോടും, ജോലിയോടും തന്നെയുള്ള ബഹുമാനം. 2025-ലും ഇത് ഒരു പ്രശ്നമായി തുടരുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കുക തന്നെ വേണം’ എന്ന തലക്കെട്ടോടെയാണ് ഈ അഭിമുഖം ഇൻസ്റ്റാഗ്രാമിൽ വൈറലായത്.
‘‘സിനിമയിൽ ജോലിചെയ്യുന്നവരുടെ, പ്രത്യേകിച്ചും ക്രൂവിന്റെ കാര്യത്തിൽ, ആളുകൾ തുടർച്ചയായി, ഓവർടൈം ആയി ജോലി ചെയ്യണം എന്നൊരു ധാരണയുണ്ട്. എന്നാൽ ആളുകൾക്ക് ആവശ്യത്തിന് വിശ്രമമോ ഇടവേളകളോ നൽകിയാൽ അവർ മെച്ചപ്പെട്ട ഊർജത്തോടെ തിരികെ വരും. അത് ഔട്ട്പുട്ടിന്റെ ഗുണമേന്മ വർധിപ്പിക്കും.
അതിനാൽ, ഒന്നാം പടി ജോലി സമയം തിങ്കൾ മുതൽ വെള്ളി വരെ, ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്യുക എന്ന രീതിയിൽ ക്രമീകരിക്കണം. ശനിയാഴ്ച സ്ക്രിപ്റ്റ് വായിക്കാനോ, മറ്റു തയാറെടുപ്പുകൾക്കോ ആയി മാറ്റിവയ്ക്കാം. ഞായറാഴ്ച ആരും വിളിക്കരുത്, ഒരു ഫോൺ കോളുകൾ പോലും എടുക്കാതെ തനിക്കുവേണ്ടി ആ ദിവസം മാറ്റിവയ്ക്കുക.
ഒരു നടനോ ക്രൂവിനോ 12 മണിക്കൂറാണ് കരാർ എങ്കിൽ, അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകൾക്ക് വേതനം നൽകണം. സിനിമയുടെ വിജയം നടീനടന്മാർക്ക് കൂടുതൽ ഗുണം ചെയ്യുമ്പോൾ, അതിലും നേരത്തെ വരികയും വൈകി പോകുകയും ചെയ്യുന്ന ക്രൂവിന് മണിക്കൂർ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം/അധിക വേതനം നൽകണം.
ക്രൂവിന് നൽകുന്ന ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം. ക്രൂവിനെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും വച്ചാൽ അവർ കൂടുതൽ നന്നായി ജോലി ചെയ്യും എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.’ ദീപിക പദുകോൺ അഭിമുഖത്തിൽ പറയുന്നു.
പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എ.ഡി.യുടെ തുടർച്ചയായ കൽക്കി രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയതായി നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചിരുന്നു.
പ്രതിഫലം, ജോലി സമയം, ക്രൂവിനായുള്ള സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച തർക്കങ്ങളാണ് ഈ പിന്മാറ്റത്തിലേക്ക് നയിച്ചത്. ഷൂട്ടിംഗിനായി ഒരു ദിവസം ഏഴു മണിക്കൂർ മാത്രമേ ചെലവഴിക്കാൻ കഴിയൂ എന്നും കൂടുതൽ പ്രതിഫലം വേണമെന്നുമുള്ള ദീപികയുടെ പിടിവാശികളാണ് തങ്ങൾ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കാരണമെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു.
അഹാന കൃഷ്ണ ദീപിക പദുക്കോണിന്റെ അഭിമുഖം പങ്കുവെച്ചതോടെ സിനിമാ മേഖലയിലെ ജോലി സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.