ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങളുണ്ടാക്കുകയാണ്. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാക്കിസ്ഥാൻ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സർ ക്രീക്ക് മേഖലയിലെ സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാക്കിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരണവും നടത്തിയിരുന്നു.
പാക്കിസ്ഥാൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ അത് ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലഹോറിൽ വരെ എത്തിയത് ഓർമിപ്പിക്കുന്നു.
കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ 2025ൽ പാക്കിസ്ഥാൻ ഓർക്കണം. സ്വാതന്ത്യ്രത്തിന് 78 വർഷത്തിനിപ്പുറവും പാക്കിസ്ഥാൻ സർ ക്രീക്കുമായി ബന്ധപ്പെട്ട തർക്കം ഉയർത്തുകയാണ്.
പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ നിരവധി തവണ ശ്രമിച്ചതാണ്. എന്നാൽ പാക്കിസ്ഥാന്റെ ഉദ്ദേശ്യമെന്താണെന്നു വ്യക്തമല്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.