വെയ്ൽസിൽ ആരോഗ്യ പ്രവർത്തകർക്ക് നിയമനം നൽകും
Saturday, March 1, 2025 1:13 PM IST
തിരുവനന്തപുരം: വെയ്ൽസിലെ ദേശീയ ആരോഗ്യ സർവീസിലേക്ക് കേരളത്തിൽനിന്ന് 200 നഴ്സുമാരെയും ഡോക്ടർമാരെയും റിക്രൂട്ട് ചെയ്യും. ഇതിന്റെ ഭാഗമായി വെയ്ൽസ് ആരോഗ്യ- സാമൂഹ്യ പരിരക്ഷ കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് ആരോഗ്യ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞവർഷം വെയ്ൽസ് സർക്കാരും കേരള സർക്കാരും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. വെയ്ൽസും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ വിപുലമാക്കുമെന്നും ആരോഗ്യ സെക്രട്ടറി ജെറമി മൈൽസ് അറിയിച്ചു.
വെയ്ൽസിലെ നാഷണൽ ഹെൽത്ത് സർവീസിൽ നിലവിൽ 97,000 മുഴുവൻ സമയ ജീവനക്കാരാണുള്ളത്. 2024 മാർച്ചിൽ കരാർ ഒപ്പിട്ടതിനുശേഷം കേരളത്തിൽ നിന്ന് 300-ലധികം ആരോഗ്യ സംരക്ഷണ പ്രഫഷണലുകൾക്ക് എൻഎച്ച്എസ് വെയിൽസിൽ നിയമനം നല്കി.
ആരോഗ്യ സംരക്ഷണ മേഖലയിൽ ഇപ്പോൾ ജോലി ചെയ്യുന്ന മലയാളികൾക്കുപുറമെ പുതുതായി വരുന്ന 200 ഹെൽത്ത് കെയർ പ്രഫഷണലുകൾ വെയ്ൽസ് എൻഎച്ച്എസിൽ പ്രധാന പങ്ക് വഹിക്കുമെന്നും അവരെ വെയ്ൽസിലേക്ക് സ്വാഗതം ചെയ്യുന്നതായും ജെറമി മൈൽസ് കൂട്ടിച്ചേർത്തു.