ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകം: ഡോ. ആനി പോൾ
പി.പി. ചെറിയാൻ
Wednesday, March 12, 2025 6:01 AM IST
ഡാളസ് : ചരിത്രം പരിശോധിക്കുമ്പോൾ കാലാകാലങ്ങളായി സമൂഹത്തിൽ ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്നു ലോകത്തിൽ ജീവിച്ചിരുന്ന നിരവധി മഹിളാരത്നങ്ങളുടെ ജീവ ചരിത്രം ചൂണ്ടിക്കാട്ടി റോക്ക്ലാൻഡ് കൗണ്ടി, ന്യൂയോർക്ക് ലെജിസ്ലേറ്റീവ് വൈസ് ചെയർ ആനി പോൾ അഭിപ്രായപ്പെട്ടു .
കേരള അസോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ മാർച്ച് 8 ശനി വൈകീട്ട് കഐഡി/ഐസിഇസി ഹാളിൽ( 3821 ബ്രോഡ്വേ ഗാർലൻഡ്)സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ആനി പോൾ .

നിശബ്ദ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കെതിരെ ഉയരുന്ന ആക്രമണ പ്രവണതയും,പീഡനശ്രമങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ മാനസികമായും ശാരീരികമായും ശക്തി പ്രാപിക്കാൻ കഴിയട്ടെയെന്നു പ്രസിഡന്റ് ആശംസിച്ചു.
വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾ ശക്തി, പ്രതിരോധശേഷി, ഉള്ളിലുള്ള അവിശ്വസനീയമായ ശക്തി എന്നിവ ആഘോഷിക്കാൻ പ്രചോദനാത്മകമായ ഒത്തുചേരലിലാണ് വനിതാ സംവാദം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് പറഞ്ഞു. തുടർന്ന് മുഖ്യാതിഥി ഡോ. ആനി പോളിനെ സദസിനു പരിചയപ്പെടുത്തി .

ഏമിതോമസ്, ഡോ. പ്രിയ വെസ്ലി , ഡോ. ഷൈനി എഡ്വേഡ് എന്നിവർ അനേകം വിഷയങ്ങളെ കുറിച്ച് പ്രസംഗിച്ചു. ഉഷ നായരുടെ കവിത പാരായണം , ഡോ. നിഷ ജേക്കബ് , സോണിയ സബ്, ദീപ സണ്ണി എന്നിവരുടെ ഗാനാലാപനം ചടങ്ങിന്റെ മാറ്റ് വർധിപ്പിച്ചു .