മാർത്തോമ്മാ സഭാധ്യക്ഷന് ന്യൂയോർക്കിൽ ഊഷ്മള സ്വീകരണം നൽകി
ഷാജി രാമപുരം
Friday, March 7, 2025 8:03 AM IST
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകൾ സന്ദർശിക്കാനായി എത്തിച്ചേർന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ രാജ്യാന്തര വിമാനത്താവളത്തിൽ ഭദ്രാസന ചുമതലക്കാർ ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകി.
നോർത്ത് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയും,ബിഷപ് സെക്രട്ടറിയുമായ റവ. ജോർജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറർ ജോർജ്. പി.ബാബു, മുൻ മാർത്തോമ സുവിശേഷ പ്രസംഗസംഘം മാനേജിംഗ് കമ്മിറ്റി അംഗം തോമസ് ഡാനിയേൽ, ന്യൂയോർക്ക് ലോംഗ് ഐലന്റ് ഇടവക വികാരി റവ.ജോസി ജോസഫ് ഭദ്രാസന ഓഫിസ് അക്കൗണ്ടന്റ് തോമസ് ഉമ്മൻ, എന്നിവർ വിമാനത്താവളത്തിൽ മെത്രാപ്പൊലീത്തയെ സ്വീകരിക്കാൻ എത്തിയിരുന്നു.
വ്യാഴാഴ്ച ഡാളസിൽ എത്തിച്ചേരുന്ന ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത ഡാലസിലെ വിവിധ മാർത്തോമ്മ ദേവാലയങ്ങൾ സന്ദർശിക്കും. ഒന്പത് ഞായറാഴ്ച ഡാളസ് കരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ ആരാധനക്കും വിശുദ്ധ കുർബാന ശുശ്രുഷക്കും നേതൃത്വം നൽകും.
ഡാളസിലെ സന്ദർശനത്തിനു ശേഷം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ, ഷിക്കാഗോ, ഡിട്രോയിറ്റ്, കാനഡ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും.