കെസിഎസ് ഷിക്കാഗോ ക്നായി തൊമ്മന്റെയും ബിഷപുമാരുടെയും ഓർമ ദിനം ആചരിച്ചു
Friday, March 7, 2025 7:43 AM IST
ഷിക്കാഗോ: ക്നായി തോമയുടെയും മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരുടെ ഓർമ ദിനം ഷിക്കാഗോ കെസിഎസ് ആചരിച്ചു. ചടങ്ങുകൾക്ക് കെസിഎസ് ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം നേതൃത്വം നൽകി.
മാർച്ച് രണ്ടിന് നടന്ന ഓർമ ദിനത്തിൽ, റാം താന്നിച്ചുവട്ടിലിന്റെ പ്രാർഥനാ ഗാനത്തിന് ശേഷം കെ.സി.എസ് പ്രസിഡന്റ് ജോസ് ആനമല അതിഥികൾക്ക് സ്വാഗതമേകി സംസാരിച്ചു. ക്നാനായ റീജൻ വികാരി ജനറൽ റവ. ഫാ. തോമസ് മുളവനാൽ അനുസ്മരണ പ്രാർഥനകൾക്ക് നേതൃത്വം നൽകി.
തുടർന്ന് കെസിവൈഎൽഎൻഎ ദേശീയ പ്രസിഡന്റ് ആൽവിൻ പിണർകയിൽ, ജോഷ്വാ മരങ്ങാട്ടിൽ എന്നിവർ മാർ മാക്കീൽ, മുൻ കെസിഎസ് പ്രസിഡന്റ് തോമസ് പൂതക്കരി മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, ലിനു പടിക്കപ്പറമ്പിൽ മാർ തോമസ് തറയിൽ, ജെയിംസ് കുന്നശേരിൽ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി എന്നിവരെ കുറിച്ചും സംസാരിച്ചു.
കെസിഎസിന്റെ ആദ്യകാല പ്രസിഡന്റുമാരിൽ ഒരാളായ ഇലക്കാട്ട് ജോൺ അനുഭവങ്ങൾ പങ്കുവച്ചു. അനുസ്മരണ പ്രസംഗങ്ങൾ നടത്തിയവർക്ക്, വികാരി ജനറൽ റവ. ഫാ തോമസ് മുളവനാൽ സമ്മാനങ്ങൾ നൽകി ആദരിച്ചു. കെസിഎസ് ജനറൽ സെക്രട്ടറി ഷാജി പള്ളി വീട്ടിൽ അതിഥികൾക്ക് നന്ദി പറഞ്ഞു.