വൈക്കം സ്വദേശി പോളണ്ടിൽ മരിച്ചനിലയിൽ
Monday, March 10, 2025 10:45 AM IST
കോട്ടയം: വൈക്കം സ്വദേശിയായ യുവാവിനെ പോളണ്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് വടക്കേവീട്ടിൽ പരേതയായ ഷെമി - ഇക്ബാൽ ദമ്പതികളുടെ മകൻ യാസീൻ ഇക്ബാലിനെയാണ്(35) മരിച്ചനിലയിൽ കണ്ടെത്തിയത്.
ലാത്വിയയില്‍ ഉന്നത പഠനത്തിനു ശേഷം പോളണ്ടിൽ ജോലിക്ക് എത്തിയതായിരുന്നു യുവാവ്. ലാത്വിയയിലുള്ള സുഹൃത്തിന്റെ അടുത്തുനിന്ന് കഴിഞ്ഞ ഡിസംബർ 24ന് ട്രെയിൻ മാർഗം റാസി ബ്രോസിൽ എത്തിയതായി സുഹൃത്തിനെ യുവാവ് വിളിച്ചറിയിച്ചിരുന്നു. തുടർന്നാണ് കാണാതായത്.
കഴിഞ്ഞ ദിവസം പുഴയിൽ നിന്ന് ഒരു മൃതദേഹം ലഭിക്കുകയും ഡിഎൻഎ ടെസ്റ്റിലൂടെ യാസിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. യുകെയിലുള്ള യാസിന്റെ സഹോദരൻ പോളണ്ടിൽ എത്തിയിട്ടുണ്ട്.
മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.