കേരള ലിറ്റററി സൊസൈറ്റി പ്രവർത്തനോദ്ഘാടനവും സാഹിത്യ പുരസ്കാരദാനവും ശനിയാഴ്ച
മാർട്ടിൻ വിലങ്ങോലിൽ
Saturday, March 8, 2025 3:17 PM IST
ഡാളസ്: ഡാളസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ 2025 പ്രവർത്തനോദ്ഘാടനവും സാഹിത്യ പുരസ്കാരദാനവും ശനിയാഴ്ച രാവിലെ 10.30ന് ഗാർലാൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെടും.
ഈ വർഷത്തെ മലയാളം മിഷൻ പ്രവാസി പുരസ്കാരം നേടിയ സാഹിത്യകാരനായ കെ.വി. പ്രവീൺ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രവാസി മലയാള കവി ജേക്കബ് മനയിലിന്റെ പേരിലുള്ള കേരള ലിറ്റററി സൊസൈറ്റി മനയിൽ കവിതാ അവാർഡ് 2024, ജെസി ജയകൃഷ്ണൻ സ്വീകരിക്കും.
മലയാള കവി സെബാസ്റ്റ്യൻ ജൂറിയായ അവാർഡ് കമ്മിറ്റിയാണ് ജെസിയുടെ "നഷ്ട്ടാൾജിയ' എന്ന കവിത തെരഞ്ഞെടുത്തത്. കേരള ലിറ്റററി സൊസൈറ്റി ഡാലസ് ഏർപ്പെടുത്തിയ ഏബ്രഹാം തെക്കേമുറി സ്മാരക കഥാ അവാർഡ് ഡോ. മധു നമ്പ്യാർക്കു നൽകും.
ഏബ്രഹാം തെക്കേമുറി സ്മാരക കഥ അവാർഡ് ഡോ. മധു നമ്പ്യാർ എഴുതിയ "ചാര നിറത്തിലെ പകലുകൾ' എന്ന കഥയ്ക്കാണ് ലഭിച്ചത്. കഥാകൃത്ത് വിനു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ഉള്ള ജൂറി അംഗങ്ങളാണ് പ്രസ്തുത കഥ തെരഞ്ഞെടുത്തത്.
കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം ഔദ്യോഗിക തുടക്കം കുറിക്കും. എല്ലാ സാഹിത്യപ്രേമികളും പരിപാടിക്ക് എത്തിച്ചേരണമെന്ന് പ്രസിഡന്റ് ഷാജു ജോണ് അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി - 214 763 3079.