കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ’ഫ്ലോറിഡ വിരാട് 2025 ശുഭാരംഭം’ ശ്രദ്ധേയമായി
ടി. ഉണ്ണികൃഷ്ണൻ
Wednesday, March 12, 2025 1:25 AM IST
റ്റാമ്പാ : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ’ഫ്ലോറിഡ വിരാട് 2025 ശുഭാരംഭം’ റ്റാമ്പായിൽ വിപുലമായി ആഘോഷിച്ചു. രാവിലെ കൊടിയേറ്റോടുകൂടി തുടങ്ങിയ വർണശബളമായ കലാ, സാംസ്കാരിക പരിപാടികൾ വൈകീട്ട് ഏഴര വരെ നീണ്ടുനിന്നു.
ഉദ്ഘാടത്തിന് ശേഷം ഫ്ലോറിഡയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ പരസ്പരം പരിചയപ്പെടുത്തുന്നതിനായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയും നടത്തപ്പെട്ടു. അടുത്ത തലമുറയിൽ നമ്മുടെ സംസ്കാരത്തിന്റെ ഗുണപരമായ സ്വാധീനം എന്ന വിഷയത്തിൽ ഡോ. നിഷാ പിള്ള, ഡോ. രവീന്ദ്രനാഥ് എന്നിവർ നയിച്ച സെമിനാർ വിഷയത്തിന്റെ ആനുകാലികത കൊണ്ടും പ്രായോഗിത കൊണ്ടും ശ്രദ്ധേയമായി.

ശുഭാരംഭത്തിന്റെ ഭാഗമായി നാനൂറിൽ പരം ആളുകൾക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.ആധുനിക ലോകത്തിൽ ഹിന്ദുമതത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ യൂത്ത് അംഗങ്ങൾ നടത്തിയ ചർച്ചയ്ക്ക് സുനിത വേണുഗോപാൽ മോഡറേറ്റർ ആയി. ശ്രുതിലയമേളത്തിന്റെ ചെണ്ടമേളത്തിന്റെയും അറുപതോളം താലപ്പൊലിയുടെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്ര മനോഹരമായിരുന്നു.
ഘോഷയാത്രയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് അംഗം ടി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ. നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മധു ചിറയിടത്ത് , ആത്മ പ്രസിഡന്റ് അരുൺ ഭാസ്കർ, ട്രസ്റ്റി ബോർഡ് അംഗം നന്ദകുമാർ, ബോർഡ് ഡയറക്ടർമാരായ അശോക് മേനോൻ , ബിനീഷ് വിശ്വം തുടങ്ങിയവർ പ്രസംഗിച്ചു.

വിരാട് 2025 കിക്കോഫിൽ കൺവൻഷൻ ചെയർമാൻ സുനിൽ പൈങ്കോൾ , റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ സഞ്ജീവ് കുമാർ തുടങ്ങിയവർ കൺവൻഷനെപ്പറ്റി വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു വേദിയിൽ വച്ച് തന്നെ 50ലധികം കുടുംബങ്ങളുടെ രജിസ്ട്രേഷൻ സ്വീകരിച്ചു.