മാർത്തോമ്മാ പരിസ്ഥിതി കമ്മീഷന്റെ "ലൈഫ് ലെന്റ്' നോമ്പാചരണം ഉദ്ഘാടനം ചെയ്തു
ഷാജി രാമപുരം
Friday, March 7, 2025 8:11 AM IST
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭാ പരിസ്ഥിതി കമ്മീഷൻ ആഹ്വാനം ചെയ്ത "ലൈഫ് ലെന്റ് നോമ്പ്’ ആചരണത്തിന്റെ ഉദ്ഘാടനം വെബിനാറിൽ മാർത്തോമ്മാ സഭയുടെ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിച്ചു.
മാർച്ച് രണ്ട് മുതൽ ഏപ്രിൽ 20 വരെയാണ് നോമ്പ് ആചരണം. പരിസ്ഥിതി കമ്മീഷൻ ചെയർമാൻ ബിഷപ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ വെബിനാറിന് അധ്യക്ഷത വഹിക്കും. ഏഴ് ആഴ്ചകളായി ഏഴ് പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് പഠനങ്ങളും ചർച്ചകളും സെമിനാറുകളും നടക്കും.
ആദ്യ വെബിനാറിൽ ജീവനും ജലവും എന്ന വിഷയത്തെ ആസ്പദമാക്കി പഠനത്തിനും ചർച്ചകൾക്കും റവ. ഷിബി വർഗീസ് പി. നേതൃത്വം നൽകും. ഡോ. അനു വർഗീസ് ജീവനും ജലവും എന്ന വിഷയത്തിൽ സാങ്കേതികവും പ്രായോഗികവുമായ ക്ലാസിന് നേതൃത്വം നൽകും. മീനച്ചിൽ നദി സംരക്ഷണ സമിതി പ്രവർത്തന അവതരണം നടത്തും.
തുടർന്ന് ഏഴ് ആഴ്ചകളിൽ ജീവനും ശാബത്തും, ജീവനും ഭക്ഷണവും ജീവനും ദുരന്തങ്ങളും, ജീവനും ആരോഗ്യവും ജീവനും കാഴ്ചയും ജീവനും മരണവും തുടങ്ങിയ വിഷയങ്ങളാണ് പഠനത്തിനായും പ്രായോഗികമായ പ്രവർത്തനങ്ങൾക്കായും തെരഞ്ഞെടുത്തിരിക്കുന്നത്.
ഓരോ ആഴ്ചയിലും പരിസ്ഥിതി കമ്മീഷൻ ഇടവകകളിലും ഭവനങ്ങളിലും നിർവഹിക്കേണ്ട പ്രായോഗിക പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കും.വേദപഠനങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും പഠന സാമഗ്രികളും ഓൺലൈനായി പ്രസിദ്ധീകരിക്കുമെന്ന് സഭയുടെ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, കൺവീനർ റവ.ഡോ.വി.എം.മാത്യു എന്നിവർ അറിയിച്ചു.
നോർത്ത് അമേരിക്ക ഭദ്രാസനത്തിന് കീഴിലെ താൽപര്യമുള്ള ഏവരും ഇന്ന് മുതൽ ഓൺ ലൈൻ പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടുന്ന ലൈഫ് ലെന്റ് പ്രോഗ്രാമിൽ പങ്കെടുക്കണമെന്ന് ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ്, ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം, ഭദ്രാസന പരിസ്ഥിതി കമ്മീഷൻ കൺവീനറുന്മാരായ ജോർജ് സാമൂവേൽ, ഷാജി എസ് രാമപുരം എന്നിവർ അറിയിച്ചു.
സൂം ഐഡി: 452 246 2075, പാസ്കോഡ്: TMAMROC.