യുഎസിൽ ഞായറാഴ്ച ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുന്നോട്ട് മാറ്റും
പി.പി. ചെറിയാൻ
Saturday, March 8, 2025 4:30 PM IST
ഡാളസ്: യുഎസിൽ ഞായറാഴ്ച പുലർച്ചെ രണ്ടിന് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുൻപോട്ട് തിരിച്ചുവയ്ക്കും. നവംബർ മൂന്നിനാണ് സമയം ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവച്ചത്.
വിന്റർ സീസണിന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും ഫോൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും തിരിച്ചുവയ്ക്കുന്ന സമയമാറ്റം അമേരിക്കയിൽ ആദ്യമായി നിലവിൽ വന്നത് ഒന്നാം ലോക മഹായുദ്ധം നടന്നിരുന്ന കാലഘട്ടത്തിലാണ്.
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിംഗ്, വിന്റർ സീസണുകളിൽ പകലിന്റെ ദൈർഘ്യം വർധിപ്പിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയിൽ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് അമേരിക്കയിൽ സമയമാറ്റം അംഗീകരിച്ച് നടപ്പാക്കി തുടങ്ങിയത്.
സ്പ്രിംഗ് ഫോർവേഡ്, ഫോൾ ബാക്ക്വേഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോന, ഹവായ്, പുർടോറിക്കൊ, വെർജിൻ ഐലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ സമയമാറ്റം ബാധകമല്ല.