മണ്ണാർക്കാട്: മണ്ണാർക്കാട്-ചിന്ന തടാകം അന്തർ സംസ്ഥാന പാതയിലെ അട്ടപ്പാടി ചുരത്തിലെ പത്താം വളവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. വളവിൽ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ചുരത്തിലെ പാറക്കെട്ടിലേക്ക് ബസ് ഇടിച്ചു നിർത്തുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം 5.35 ഓടെയാണ് സംഭവം.
മണ്ണാർക്കാട് കെഎസ്ആർടിസി ഡിപ്പോയുടെതാണ് ബസ്. ആനക്കട്ടിയിൽ നിന്നും ബസ് മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്നു. ഇതിനിടെ പത്താം വളവിൽ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ സംയോജിതമായ ഇടപെടലിനെ തുടർന്ന് ബസ് സമീപത്തെ പാറക്കെട്ടിലേക്ക് ഇടിച്ചു നിർത്തി. ബസിൽ അറുപതിലധികം ആളുകൾ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല . അപകടത്തെ തുടർന്ന് ചുരത്തിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.