ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻഡിനു സമീപം റോഡിൽ ഗർത്തമുണ്ടായത് വാഹനസഞ്ചാരത്തിന് അപകടഭീഷണി. വീതി കുറഞ്ഞറോഡിൽ ഗർത്തം വാഹന യാത്രക്കാർക്ക് തിരിച്ചറിയാൻ സമീപസ്ഥാപന ഉടമ മുന്നറിയിപ്പിനായി വടി കുത്തിവെച്ചിരിക്കുകയാണ്. വാട്ടർ അഥോറിറ്റി പൈപ്പ് പൊട്ടിയത് ശരിയാക്കിയ ശേഷം സുരക്ഷിതമായി മൂടാതിരുന്നതാണ് ഗർത്തമുണ്ടാവാൻ കാരണമായത്.
മഴപെയ്താൽ ഗർത്തത്തിൽ വെള്ളം നിറയുന്നതോടെ സ്ഥലത്തെ അപകടാവസ്ഥ തിരിച്ചറിയാനാവുകയുമില്ല. മുന്പ് കാൽനടയാത്രക്കാർ വരെ ഗർത്തത്തിൽ വഴുതിവീണിട്ടുണ്ട്. ഈ സ്ഥലത്ത് ഇരുഭാഗത്ത് നിന്നും വലിയ വാഹനമെത്തിയാൽ മറികടക്കാൻ കടമ്പകളേറെയാണ്. തൃശൂർ-പൊള്ളാച്ചി അന്തർസംസ്ഥാനപാതയെന്നതിനാൽ നൂറുകണക്കിനു ചരക്കുവാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാനപാതയിലാണ് ഗർത്തം അപകടഭീഷണിയായിരിക്കുന്നത്.