വലിയ സ്വപ്നങ്ങളുമായി ഒറ്റപ്പാലത്തെ തരിശുഭൂമിയിൽ കൃഷിയിറക്കി കർഷകർ
Friday, September 27, 2024 6:59 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് ത​രി​ശു​ഭൂ​മി​യി​ൽ നൂ​റു​മേ​നി സ്വ​പ്നം ക​ണ്ട് ക​ർ​ഷ​ക​ർ. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശി​ട്ടി​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ള​വി​റ​ക്കി​യാ​ണ് ക​ർ​ഷ​ക​ർ നൂ​റു​മേ​നി മോ​ഹി​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ല​ത്തും അ​മ്പ​ല​പ്പാ​റ​യി​ലു​മാ​യി 70 ഏ​ക്ക​ർ ത​രി​ശു​ഭൂ​മി​ക​ളി​ലാ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി ഇ​റ​ക്കു​ന്ന​ത്.​

സു​സ്ഥി​ര നെ​ൽ​കൃഷി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി​യാ​ണു കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പു​ത്ത​ൻ ഉ​ണ​ർ​വേ​കു​ന്ന ത​രി​ശു​ഭൂ​മി​ക​ളി​ലെ ര​ണ്ടാം​വി​ള. അ​മ്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ മേ​ലൂ​രി​ലും ക​ട​മ്പൂ​രി​ലു​മാ​യി ഏ​ക​ദേ​ശം 60 ഏ​ക്ക​ർ സ്ഥ​ല​ത്തും ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പാ​ല​പ്പു​റ​ത്തും പ​ന​മ​ണ്ണ​യി​ലു​മാ​യി 10 ഏ​ക്ക​ർ ഭൂ​മി​യി​ലു​മാ​ണു വി​ള​വി​റ​ക്കു​ന്ന​ത്. ഇ​തി​ൽ മി​ക്ക കൃ​ഷി​യി​ട​ങ്ങ​ളും ഒ​ന്നോ ര​ണ്ടോ പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശു കി​ട​ക്കു​ന്ന​വ​യാ​ണ്. തൊ​ഴി​ലാ​ളിക്ഷാ​മ​വും കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ളും വ​ന്യ​മൃ​ഗ​ശ​ല്യ​വു​മൊ​ക്കെ സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളാ​യി​രു​ന്നു ക​ർ​ഷ​ക​ർ​ക്കു വെ​ല്ലു​വി​ളി. ത​രി​ശു​നി​ല​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി​ള​വി​റ​ക്കാ​ൻ സ​ന്ന​ദ്ധത പ്ര​ക​ടി​പ്പി​ച്ചു മു​ന്നോ​ട്ടു വ​രാ​ത്ത ക​ർ​ഷ​ക​രാ​ണ് ഇ​ത്ത​വ​ണ പ്ര​തീ​ക്ഷ​ക​ളോ​ടെ വി​ള​വി​റ​ക്കു​ന്ന​ത്.


ഇ​ത്ത​വ​ണ കൃ​ഷി​ഭ​വ​ന്‍റേയും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യു​മെ​ല്ലാം പി​ന്തു​ണ​യോ​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ഇ​റ​ക്കാ​മെ​ന്നാ​ണു ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം.​ ത​രി​ശു​ഭൂ​മി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​കെ ഒ​റ്റ​പ്പാ​ല​ത്ത് ഏ​ക​ദേ​ശം 750 ഏ​ക്ക​ർ സ്ഥ​ല​ത്തും അ​മ്പ​ല​പ്പാ​റ​യി​ൽ 400 ഏ​ക്ക​ർ പാ​ട​ത്തു​മാ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം​വി​ള നെ​ൽ​കൃഷി ഇ​റ​ക്കു​ന്ന​ത്.