കൊല്ലങ്കോട്: കൂത്തമ്പാക്കിൽ ലോട്ടറിവില്പനക്കാരന്റെ 90 ടിക്കറ്റുകൾ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി. ബൈക്കിലെത്തി തട്ടിപ്പു നടത്തിയ ആളെ കണ്ടെത്താൻ കൊല്ലങ്കോട് പോലീസ് അന്വേഷണം ശക്തമാക്കി. മുതലമട കുറ്റിപ്പാടം മണികണ്ഠന്റെ (58) ടിക്കറ്റുകളാണ് നഷ്ടമായത്. ബുധനാഴ്ച നറുക്കെടുപ്പു നടന്ന അമ്പതുരൂപ നിരക്കിലുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയാണ് അജ്ഞാതൻ കവർന്ന് കടന്നുകളഞ്ഞത്.
രണ്ടു ടിക്കറ്റുകൾ മാറ്റി എടുക്കാനെന്നമട്ടിൽ മണികണ്ഠന്റെ വശമുണ്ടായിരുന്ന 90 ടിക്കറ്റുകൾ വാങ്ങിയശേഷം രണ്ടെണ്ണം എടുത്ത് പകരംവച്ചിട്ടുണ്ടെന്നുപറഞ്ഞു ലോട്ടറികൾ തിരികെനൽകി സ്ഥലം വിടുകയാണുണ്ടായത്. പിന്നീട് പരിശോധിച്ചപ്പോഴാണ് അതെല്ലാം പഴയ ടിക്കറ്റുകളാണെന്നു കണ്ടെത്തുന്നത്. കൂത്തമ്പാക്കിലുണ്ടായിരുന്നവർ ഇരുചക്രവാഹനത്തിൽ തട്ടിപ്പുവീരനെ പിടികൂടാൻ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിസി ടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 4500 രൂപയുടെ നഷ്ടമാണ് മണികണ്ഠനുണ്ടായതെന്നു പോലീസ് പറഞ്ഞു.