സ്ത്രീകളും യുവാക്കളും കൈവിട്ടു; പാർട്ടി വോട്ടുകൾ ചോർന്നു
1574980
Saturday, July 12, 2025 1:24 AM IST
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: സംസ്ഥാനസർക്കാരിനെതിരേ സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണബാങ്കുകളിലെ അഴിമതിയടക്കം ഭരണവിരുദ്ധവികാരം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. ഇടതുപക്ഷത്തിനു സ്ഥിരമായി ലഭിച്ച സ്ത്രീകളുടെയും യുവാക്കളുടെയും വോട്ട് എൻഡിഎയ്ക്കു ലഭിച്ചു. എൽഡിഎഫിന്റെയും പാർട്ടിയുടെയും പ്രതീക്ഷകളെ തകിടംമറിച്ചാണു വി.എസ്. സുനിൽ കുമാറിന്റെ തോൽവി. പാർട്ടി കേന്ദ്രങ്ങളിൽനിന്ന് വോട്ടു ചോർന്നു.
ന്യൂനപക്ഷസമുദായങ്ങൾ കോണ്ഗ്രസിനൊപ്പംനിന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചാരണ രീതി വ്യത്യസ്തമായിരുന്നു. സുരേഷ് ഗോപിക്കായി അഞ്ചുവർഷത്തോളം സോഷ്യൽ മീഡിയ പേജുകളും ഇൻസ്റ്റഗ്രാം ഹാൻഡിലുകളും വാടകയ്ക്കെടുത്തു പ്രചാരണം നടത്തി. ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാർഥിയെ പരിചയപ്പെടുത്താൻ പ്രത്യേക പ്രവർത്തനം നടത്തി. സ്ഥാനാർഥി സെലിബ്രിറ്റി ആയതു കുടുംബസംഗമങ്ങളിൽ ഗുണംചെയ്തു. തൃശൂർ പൂരം വെടിക്കെട്ട് വിവാദം എൽഡിഎഫിന് എതിരായി ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പുദിനത്തിൽ എൽഡിഎഫ് കണ്വീനർ ഇ.പി. ജയരാജൻ നടത്തിയ വാർത്താസമ്മേളനം ന്യൂനപക്ഷങ്ങളെ അകറ്റി. വോട്ടുചേർക്കുന്നതിൽ ബൂത്ത് കമ്മിറ്റികൾ വീഴ്ചവരുത്തി. അവസാനഘട്ടത്തിലുണ്ടായ വീഴ്ചകൾ ഗൗരവത്തിൽ കാണണമെന്നും സാന്പ്രദായികരീതിയിലുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രവർത്തത്തിൽ മാറ്റംവരുത്തണമെന്നും ആവശ്യമുയർന്നു. കേരളത്തിലുടനീളം ബിജെപി കൃത്രിമമായി വോട്ടുചേർത്തതു തടയാൻ കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ഡൽഹി ലഫ്. ഗവർണർ കേരളത്തിലെത്തി മതമേലധ്യക്ഷൻമാരുമായി ചർച്ചനടത്തിയതു ക്രൈസ്തവവോട്ടുകൾ സമാഹരിക്കാനാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു വ്യവസായികളെ ഭീഷണിപ്പെടുത്തി വലിയതോതിൽ പണമൊഴുക്കിയാണു ബിജെപി വിജയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.