നാഥനില്ലാതെ ആർടിഒ ഓഫീസ്; ഇടപെടാതെ ഗതാഗതവകുപ്പ്
1451227
Saturday, September 7, 2024 1:37 AM IST
തൃശൂർ: തൃശൂർ ആർടിഒ ഓഫീസിൽ ആർടിഒ, ജോയിന്റ് ആർടിഒ ഉദ്യോഗസ്ഥരെ നിയമിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ(കെബിടിഎ).
ഇക്കാര്യമുന്നയിച്ചു ഗതാഗതമന്ത്രിക്കു നിരവധി പരാതികൾ നൽകിയിട്ടും നടപടിയായില്ലെന്നും വാഹനങ്ങളുടെ പെർമിറ്റ് അടക്കമുള്ള വിഷയങ്ങൾ കെട്ടിക്കിടക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങളായി തൃശൂർ ആർടിഒ ഓഫീസിലെ മുഖ്യചുമതലയുള്ള തസ്തികകളിൽ ആളില്ല. സംസ്ഥാനത്തു ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന വകുപ്പാണിത്. വിവാഹങ്ങളടക്കം മംഗളകര്‍മങ്ങള്‍ നടക്കുന്ന എട്ടിനു പ്രത്യേക പെർമിറ്റ് അനുവദിക്കാനുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ ഓഫീസിൽ ആരുമില്ല. വാഹന ഉടമകൾ പ്രതിസന്ധിയിലായെന്നുമാത്രമല്ല, സർക്കാരിലേക്കു ലഭിക്കേണ്ട റവന്യൂ വരുമാനത്തിലും നഷ്ടമുണ്ടാകുമെന്നും കെബിടിഎ പറഞ്ഞു.
നിലവിൽ എൻഫോഴ്സ്മെന്റിൽനിന്നുള്ള ജോയിന്റ് ആർടിഒ ഉണ്ടെങ്കിലും വലിയ വാഹനങ്ങളുടെ പെർമിറ്റ് അടക്കമുള്ളവ മുടങ്ങിക്കിടക്കുകയാണ്. വലിയ വാഹനങ്ങളുടെ രജിസ്ട്രേഷനും നടക്കുന്നില്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു നിവേദനംനൽകുമെന്നും അനുകൂലസമീപനമുണ്ടാകുമെന്നാണു കരുതുന്നതെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറി വി.വി. മുജീബ് റഹ്മാൻ, പ്രസിഡന്റ് കെ.ബി. സുരേഷ് കുമാർ, ട്രഷറർ പി.ജെ. റജി എന്നിവർ പ്രസംഗിച്ചു.