ഓപ്പറേഷന് ബ്രേക്ക് ത്രൂ : എംജി റോഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
1573693
Monday, July 7, 2025 4:25 AM IST
കൊച്ചി: കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയില്‍ എംജി റോഡില്‍ 10 കോടി രൂപ ചെലവഴിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് മേയര്‍ എം. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
എംജി റോഡില്‍ ഫാര്‍മസി ജംഗ്ഷന് മുതലുള്ള ഭാഗങ്ങളില്‍ തുക ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും. രണ്ടാംഘട്ടം എന്ന നിലയില്‍ കൂടുതല്‍ തുക പൊതുമരാമത്ത് മന്ത്രിയുമായി യോഗം ചേര്‍ന്നതിനു ശേഷം വകുപ്പില്‍ നിന്ന് അനുവദിക്കുന്നതനുസരിച്ച് നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മേയര്‍ പറഞ്ഞു.
ജലസേചന വകുപ്പിന് കീഴില്‍ തേവര പേരണ്ടൂര്‍ കനാലില്‍ നാല് റീച്ചുകളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അഗ്നിശമന സേനയുടെ എല്ലാ പമ്പ് സെറ്റുകളും പ്രവര്‍ത്തന സജ്ജമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. എംജി റോഡില്‍ തകര്‍ന്നുപോയ സ്ലാബുകള്‍ മാറ്റിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പൊതുമരാമത്ത് വകുപ്പ് യോഗത്തില്‍ സമര്‍പ്പിച്ചു.
കമ്മട്ടിപ്പാടവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് യോഗം നിരീക്ഷിച്ചു. മുല്ലശേരി കനാലിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ജലസേചന വകുപ്പ് യോഗത്തില്‍ അവതരിപ്പിച്ചു.
ടാസ്ക് ഫോഴ്സ് എന്ന നിലയില്‍ കോര്പറേഷന് ആരോഗ്യ വിഭാഗം ജീവനക്കാരെ ചേര്‍ത്ത് സജ്ജീകരിച്ചിരിക്കുന്ന പദ്ധതിക്ക് ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാനെയും ഹെല്‍ത്ത് ഓഫീസറിനെയും യോഗത്തില്‍ അഭിനന്ദിച്ചു.