6000ഓളം ലഹരി ഇടപാട് : വാങ്ങിയവരുടെ പിന്നാലെ എന്‍സിബി
1573692
Monday, July 7, 2025 4:25 AM IST
കൊച്ചി: രണ്ടു വര്‍ഷത്തിനിടെ ഡാര്‍ക്ക് നെറ്റിലൂടെ മുവാറ്റുപുഴ സ്വദേശി എഡിസണ് നടത്തിയത് 6000 ഓളം ലഹരി ഇടപാടുകളുകളെന്ന് നര്‍കോട്ടിക്ക് കണ്ട്രോള് ബ്യൂറോയുടെ കണ്ടെത്തല്‍ (എന്‍സിബി). ലഹരി കച്ചവടത്തിലൂടെ കോടി കണക്കിന് രൂപയാണ് ഇദ്ദേഹം സമ്പാദിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ പത്തോളം ബാങ്ക് അക്കൗണ്ടുകള്‍ എന്‍സിബി പരിശോധിക്കുകയാണ്.
കേസില്‍ അറസ്റ്റിലായ എഡിസന്റെ സുഹൃത്ത് അരുണ്‍ തോമസിന് ലഹരി ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. വിദേശത്തുനിന്നും പാഴ്സല്‍ വരുന്ന ലഹരിവസ്തുക്കള്‍ വാങ്ങി വിതരണം ചെയ്തത് അരുണ്‍ തോമസാണെന്നാണ് നിഗമനം.
കെറ്റാമെലോണ്‍ എന്ന ശൃംഖല വഴി നിരവധി പേര്‍ക്ക് മയക്കുമരുന്ന് വില്പന നടത്തിയിരുന്ന ഇവരുടെ ശൃംഖല ഭോപ്പാല്‍, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലും വ്യാപകമായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കെറ്റാമെലോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങളും എന്‍സിബിക്ക് ലഭിച്ചതയാണ് വിവരം.
പോസ്റ്റ് ഓഫീസുകളും, പാഴ്സല്‍ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില്‍ ഇവര്‍ അയച്ചിരുന്ന വിലാസങ്ങള്‍ കണ്ടെത്തി. ഉത്തരേന്ത്യയിലേക്കടക്കം പാഴ്സല്‍ അയച്ചതായാണ് കണ്ടെത്തല്‍. ഡാര്‍ക്ക് നെറ്റ് ലഹരി കേസില്‍ ഇരുവര്‍ക്കും പുറമേ കഴിഞ്ഞ ദിവസം ദമ്പതികളും അറസ്റ്റിലായിരുന്നു.
അതിനിടെ മൂവാറ്റുപുഴ സബ്ജയിലില്‍ കഴിയുന്ന എഡിസണെയും സുഹൃത്ത് അരുണ്‍ തോമസിനെയും ഇന്ന് കസ്റ്റഡിയില്‍ ലഭിച്ചേക്കും.
സമാനമായ മറ്റൊരു കേസില്‍ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന വാഗമണ്ണിലെ റിസോര്‍ട്ട് ഉടമകളായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെയും കസ്റ്റഡിയില്‍ വാങ്ങും. അഞ്ചു ദിവസത്തെ കസ്റ്റഡിക്കാണ് എന്‍സിബി ആവശ്യപ്പെടുന്നത്.