നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ നിയന്ത്രണംവിട്ട ലോറിയിടിച്ചു
1460397
Friday, October 11, 2024 3:57 AM IST
മൂവാറ്റുപുഴ: നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട മറ്റൊരു ലോറിയിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 9.30ഓടെയുണ്ടായ അപകടത്തില്‍ ലോറി ക്ലീനർ നിരപ്പ് മണ്ടോത്തുപടി മടത്തികുന്നേല്‍ മോസസിന്റെ(50) കാല് അറ്റ് പോകുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മൂവാറ്റുപുഴ-നിരപ്പ് റോഡില്‍ മണ്ടോത്തുപടിയില് തകരാറിലായി റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് എതിര് ദിശയില്‍നിന്ന് വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. ലോറിക്ക് സൈഡ് പറഞ്ഞു നല്കുകയായിരുന്ന മോസസ് ഇരുലോറികള്ക്കുമിടയില് അകപ്പെടുകയായിരുന്നു.
ലോറികള്‍ക്കിടയില്‍ കുടുങ്ങിയ മോസസിനെ മൂവാറ്റുപുഴ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. കാലിന് ഗുരുതരമായി പരിക്കേറ്റ മോസസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെയും അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. മൂവാറ്റുപുഴ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ.എന്‍. സതീശന്, മുഹമ്മദ് ഇക്ബാല്‍, സോജന് ബേബി, ഐയൂബ്, ഒ.എം. ഷീഹാബുദ്ദീന്‍, രാഹുല്‍, അര്ജുന്, ജിത്തു എം. നായര്‍, അഭിനന്ത് സി. കുമാര്‍, കെ.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.