തൊടുപുഴ നഗരസഭയ്ക്ക് 72 കോടിയുടെ ബജറ്റ്
1536447
Tuesday, March 25, 2025 11:59 PM IST
തൊടുപുഴ: മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കും കുടിവെള്ള പദ്ധതികൾക്കും മുൻഗണന നൽകി തൊടുപുഴ നഗരസഭയുടെ 2025- 26 സാന്പത്തിക വർഷത്തെ ബജറ്റ് വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി അവതരിപ്പിച്ചു. 72,22,61,305 രൂപ വരവും 69,35,13,305 രൂപ ചെലവും 2,87,48,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കും ബോധവത്കരണത്തിനുമായി 1.25 കോടി മാറ്റിവച്ചു. പാറക്കടവിൽ വിൻഡോ കന്പോസ്റ്റിംഗ് സംവിധാനത്തിന് 25 ലക്ഷം രൂപയും വിവിധ വാർഡുകളിലെ കുടിവെള്ള പദ്ധതികൾക്കായി 28,50,000 രൂപയും വകയിരുത്തിയിട്ടുണ്ട്.
അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ളവയ്ക്ക് നഗരസഭാ വിഹിതമായ 30ലക്ഷം രൂപ മാറ്റിവച്ചു. അമൃത് പദ്ധതിയിൽ നഗരസഭാ പാർക്ക് നവീകരണത്തിനും പാർക്കിൽനിന്ന് പഴയ സ്റ്റാൻഡ് മൈതാനത്തേക്ക് പാലം നിർമിക്കാനും യുഐഡിഎഫ് സ്കീംപ്രകാരം അഞ്ചുകോടി രൂപ വകയിരുത്തി. വെങ്ങല്ലൂർ ഷോപ്പിംഗ് കോംപ്ലക്സ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സ്, മുനിസിപ്പൽ ഓഫീസ് കെട്ടിടം എന്നിവയുടെ ഡിപിആർ തയാറാക്കി പ്രവർത്തനം തുടങ്ങാൻ വായ്പ ഉൾപ്പെടെ ഒരു കോടി രൂപ മാറ്റിവച്ചു.
വിവിധ വനിതാക്ഷേമ പ്രവർത്തനങ്ങൾക്ക് 49 ലക്ഷം, കറവപ്പശു, ആട്, കോഴി തുടങ്ങിയവയുടെ സംരക്ഷണത്തിന് 34 ലക്ഷം, വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂൾ ഉൾപ്പെടെ ഗവ. സ്കൂളുകൾക്ക് നവീന സൗകര്യങ്ങൾ ഒരുക്കാൻ 44 ലക്ഷവും ഉൾപ്പെടുത്തി. അങ്കണവാടി പോഷകാഹാരത്തിന് 65 ലക്ഷം, അങ്കണവാടി കെട്ടിട നിർമാണം 30 ലക്ഷം, സ്മാർട്ട് അങ്കണവാടി നിർമാണം 10 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. ജിനദേവൻ റോഡ് - ഉടുന്പന്നൂർ റോഡ് ബൈപാസിന് 35 ലക്ഷവും നീക്കി വച്ചു. തൊടുപുഴ ഉറവപ്പാറ കേന്ദ്രമാക്കി പിൽഗ്രിം ടൂറിസ്റ്റ് പദ്ധതിക്കായും കൊന്നയ്ക്കമല സായാഹ്ന വിശ്രമകേന്ദ്രത്തിനും ഡിപിആർ തയാറാക്കാൻ രണ്ടുലക്ഷം രൂപ മാറ്റിവച്ചു.
മറ്റ് പ്രധാന പദ്ധതികൾ
8വാർഡുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3.5 കോടി.
8റോഡുകളുടെ വികസനം 3.26കോടി. 8ആധുനിക അറവുശാലയുടെ നിർമാണം, വെസ്റ്റ് മാർക്കറ്റ് 20 ലക്ഷം.
8മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് യാർഡ് നവീകരണം 20 ലക്ഷം.
8തെങ്ങുകൃഷി സംരക്ഷണം, പച്ചക്കറി വികസനം, കുറ്റിമുളക് കൃഷി പരിപോഷിക്കൽ, നെൽകൃഷി പ്രോത്സാഹനം 17 ലക്ഷം.
8ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ 15.5 ലക്ഷം.
8പടിഞ്ഞാറേ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് നവീകരണം 15 ലക്ഷം.
8വെങ്ങല്ലൂർ വെൽനസ് സെന്ററിന് സ്ഥലം വാങ്ങാൻ 15 ലക്ഷം.
8തെരുവുവിളക്ക് സ്ഥാപിക്കാനും പരിപാലിക്കാനും 15 ലക്ഷം.
8മറ്റ് സബ് സെന്ററുകൾക്കും വെൽനസ് സെന്ററുകൾക്കും സ്ഥലം വാങ്ങാൻ 11 ലക്ഷം.
8സ്റ്റേഡിയം നിർമാണത്തിന് സ്ഥലം വാങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് 11 ലക്ഷം എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് തുക വകയിരുത്തിയത്.