ഫണ്ട് ഇഷ്ടക്കാർക്ക് വീതിച്ചുനല്കി; നെടുങ്കണ്ടം പഞ്ചായത്ത് കമ്മിറ്റിയിൽ വാക്കേറ്റവും ബഹളവും
1537113
Thursday, March 27, 2025 11:48 PM IST
നെടുംങ്കണ്ടം: പഞ്ചായത്ത് കമ്മിറ്റിയറിയാതെ ഫണ്ട് ഇഷ്ടക്കാര്‍ മാത്രം വീതിച്ചെടുത്തെന്നാരോപിച്ച് ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ബഹളവും വാക്കേറ്റവും. സാമ്പത്തിക വര്‍ഷാവസാനത്തിന്റെ മറവില്‍ ഭരണം കൈയാളുന്ന ഒരു വിഭാഗം തുക വീതിച്ചെടുത്തെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പദ്ധതി അംഗീകാരത്തിനായി സിപിസിക്ക് സമര്‍പ്പിക്കുന്നതിന് തൊട്ട് മുമ്പാണ് മെയിന്റനൻസ് ഗ്രാന്റായി ലഭിച്ച 30.26 ലക്ഷം രൂപ അഞ്ച് വാര്‍ഡുകളിലായി മാത്രം വീതിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍, വൈസ് പ്രസിഡന്റ് ഡി. ജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു സഹദേവന്, സുരേഷ് പള്ളിയാടിയില്‍, മുന്‍ വൈസ് പ്രസിഡന്റ് സിജോ നടയ്ക്കന് എന്നിവരുടെ വാര്‍ഡിലേക്കാണ് തുക വീതം വച്ചത്. ഇതിനെത്തുടര്‍ന്നാണ് ഇന്നലെ നടന്ന കമ്മിറ്റിയില്‍ ആക്ഷേപം ഉയര്‍ന്നത്.
കഴിഞ്ഞ കമ്മിറ്റിയിലെ മിനിട്സ് പൂര്‍ത്തിയാക്കാതെ പിന്നീട് ഇവ എഴുതി ചേര്‍ത്തതായി അരോപിച്ച് ഭരണപക്ഷ, പ്രതിപക്ഷഭേദമില്ലാതെ അംഗങ്ങള്‍ പ്രതികരിച്ചതോടെ വാക്കേറ്റം രൂക്ഷമായി. ഇടത് മുന്നണിയില്‍ തീരുമാനം എടുത്തെന്ന് ഫണ്ട് ലഭിച്ച നേതാക്കള്‍ പ്രതികരിച്ചെങ്കിലും പഞ്ചായത്തിലെ ഇടതുമുന്നണി കണ്‍വീനറായ പഞ്ചായത്തംഗം വരെ പ്രതിഷേധിച്ചത് ഭരണകക്ഷിക്കും തിരിച്ചടിയായി. മിനിട്സ് തിരുത്തിയതില്‍ അടക്കം പരാതിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം പ്രതികരിച്ചു. സംഭവങ്ങളെ തുടര്‍ന്ന് പഞ്ചായത്തുതലത്തില്‍ നടന്ന മാലിന്യ നിര്‍മാജന പരിപാടിയില്‍നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുനിന്നു.