മേമാരി റോഡ് കോൺക്രീറ്റിംഗ് മുടങ്ങി; ആദിവാസികൾ ദുരിതത്തിൽ
1536923
Thursday, March 27, 2025 6:08 AM IST
ഉപ്പുതറ: ഇടുക്കി വന്യജീവി ങ്കേതത്തിലെ ഉൾഗ്രാമമായ മേമാരി ആദിവാസി കുടിയിലേക്കുള്ള റോഡ് നിർമാണം പാതിവഴിയിൽ മുടങ്ങി. നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ കിട്ടാത്തതാണ് ഇതിനു കാരണമായി പറയുന്നത്.
2021-22 ൽ പട്ടികവർഗ വികസന വകുപ്പാണ് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുനിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചത്. ആദിവാസികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു പശ്ചാത്തല സൗകര്യമൊരുക്കി ജീവനോപാധികൾ മെച്ചപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
2023 മാർച്ചിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു തീരുമാനം. സർക്കാർ ഏജൻസിയായ വാപ്കോസ് സാങ്കേതിക കാരണം പറഞ്ഞ് കരാറിൽനിന്നു പിൻമാറി. പിന്നീട് കളക്ടർ അധ്യക്ഷനായ ജില്ലാ നിർമിതികേന്ദ്രം നിർവഹണചുമതല ഏറ്റടുത്തു. അനുവദിച്ച ഒരുകോടി മതിയാവില്ലെന്ന കാരണത്താൽ സമഗ്ര വികസനം റോഡ് നവീകരണം മാത്രമായി ചുരുങ്ങി. രണ്ടു മാസം മുൻപ് നിർമാണത്തിന്റെ ഭാഗമായി റോഡ് ലെവൽ ചെയ്തു. ഇതിനുശേഷം പണി നിർത്തുകയും ചെയ്തു.
ഇടുക്കി പദ്ധതിക്കുവേണ്ടി 1967ൽ മുത്തംപടിത്താഴെ, കെട്ടുചിറ പ്രദേശങ്ങളിൽനിന്ന് കുടിയൊഴിപ്പിച്ചു സർക്കാർതന്നെ കുടിയിരുത്തിയ ഗോത്രവർഗത്തിൽപ്പെട്ട 106 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൃഷി ചെയ്തും തേൻ അടക്കമുള്ള വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവർ ജീവിക്കുന്നത്. വഴിയും വെള്ളവും തൊഴിലവസരങ്ങളും നൽകുമെന്ന ഉറപ്പ് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും അധികൃതർ പാലിച്ചില്ല. അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിലും അലംഭാവം കാട്ടുകയാണ്. വന്യമൃഗങ്ങളെ ഭയന്ന് കിലോമീറ്ററുകൾ നടന്നു വേണം ഇവർക്ക് പുറംലോകത്തെത്താൻ. റോഡ് നവീകരണം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.