ശ്രദ്ധേയമായി മൂന്നാറിലെ സീറോ വേസ്റ്റ് കാന്പയിൻ
1536439
Tuesday, March 25, 2025 11:59 PM IST
മൂന്നാർ: മാലിന്യനിർമാർജനത്തിന് ബഹുജനപങ്കാളിത്തത്തോടെയുള്ള പദ്ധതികൾ കൂടുതൽ ഫലപ്രദമാകുമെന്ന് തെളിയിക്കുകയാണ് മൂന്നാറിലെ സീറോ വേസ്റ്റ് മെഗാ ഡ്രൈവ് കാന്പയിൻ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിസ്ഥിതി സംഗമത്തിൽ പ്രസ്തുത പദ്ധതിയെക്കുറിച്ച് അവതരിപ്പിച്ച വീഡിയോ ഡോക്യുമെന്ററി ഏറെ പ്രശംസ നേടി.
മൂന്നാറിലും പരിസര പ്രദേശങ്ങളിലും രണ്ടാഴ്ചയായി നടന്ന ക്യാന്പ് ജനപങ്കാളിത്തം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധയമായിരുന്നു. രണ്ടായിരത്തിലധികം പേരാണ് കാന്പയിനിൽ പങ്കെടുത്തത്. മൂന്നാറിലെ സാധാരണക്കാർ മുതൽ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വരെയുള്ളവർ പദ്ധതിയുടെ ഭാഗമായി.
സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂന്നാറിൽ സംഘടിപ്പിച്ച പരിപാടിയാണ് വിജയമായി മാറിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
പഞ്ചായത്തിനോടൊപ്പം ഡിടിപിസി, കെഎസ്ഇബി, കേരള ശുചിത്വ മിഷൻ, അഗ്നിശമന സേന, പോലീസ്, വനംവകുപ്പ്, എൻആർഇജി, വ്യാപാര സംഘടനകൾ, ഹിൽദാരി തുടങ്ങിയ സർക്കാർ വകുപ്പുകളോടും സംഘടനകളോടുമൊപ്പം മൂന്നാറിലെ നിരവധി സന്നദ്ധസംഘടനകളും പദ്ധതികളിൽ പങ്കാളികളായി.
മൂന്നാറിനെയും പരിസര പ്രദേശങ്ങളെയും 16 ക്ലസ്റ്ററുകൾ ആയി തിരിച്ചായിരുന്നു പദ്ധതി വിജയത്തിലെത്തിച്ചത്. ഒരോ ക്ലസ്റ്ററിനും ഒരു ടീം എന്ന വിധത്തിൽ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചു. ഓരോ ദിവസവും പ്രവർത്തനങ്ങൾ നടത്തുന്നതിന് സംഘടനകൾക്ക് ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ട മേഖല തിരിച്ചുനൽകി.
ആവശ്യമായ ഉപകരണങ്ങളും ഗ്ലൗസുമെല്ലാം പഞ്ചായത്തുതന്നെ എത്തിച്ചുനൽകി. കൃത്യമായ പദ്ധതികളോടെ ഓരോ സംഘടനകൾക്കും വിവിധ ക്ലസ്റ്ററുകൾ നൽകി ഓരോ ദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടന്നതോടെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് കൂടുതൽ മേഖലകളിൽ പദ്ധതി വ്യാപിപ്പിക്കാനായി. മൂന്നാഴ്ച നീണ്ടുനിന്ന പദ്ധതിയിലൂടെ 55 ടണ്ണിലധികം മാലിന്യമാണ് ശേഖരിച്ചത്. ഇതിൽ 40 ടണ്ണിൽ അധികവും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു. ശേഖരിച്ച മാലിന്യങ്ങൾ കൃത്യമായി സംസ്കരണം നടത്തുന്നതിലൂടെ വരുമാനം കണ്ടെത്താനാവുമെന്നും മൂന്നാർ പഞ്ചായത്ത് തെളിയിച്ചു.
ശേഖരിച്ച മാലിന്യങ്ങളെല്ലാം ജൈവമാലിന്യങ്ങൾ. ഖരമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയായി വേർതിരിച്ചു. ഇതിൽ ജൈവമാലിന്യങ്ങൾ നല്ലതണ്ണിയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ എത്തിച്ച് വളമായി മാറ്റി വിപണയിൽ എത്തിക്കും.
പ്ലാസ്റ്റിക്് മാലിന്യങ്ങൾ സംസ്കരിച്ച് പ്ലാസ്റ്റിക് കട്ടകൾ ആക്കി വിൽപ്പന നടത്താനാണ് ലക്ഷ്യം. മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന പുഴകളും തോടുകളും കൈത്തോടുകളുമെല്ലാം മാലിന്യ വിമുക്ത പ്രദേശങ്ങളായി പരിപാലിച്ച് മുന്നോട്ടു കൊണ്ടുപോകുവാനുള്ള പദ്ധതിക്കും രൂപംനൽകുന്നുണ്ട്. മാലിന്യനിർമാർജനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനാണ് പഞ്ചായത്തിന്റെ തീരുമാനം.