വില്പ്പത്രനിയമത്തില് യാതൊരു മാറ്റവും വരുത്തിയിട്ടില്ല: ആധാരമെഴുത്ത് അസോസിയേഷന്
1569808
Monday, June 23, 2025 11:36 PM IST
പൊന്‍കുന്നം: വില്‍പ്പത്രം രജിസ്ട്രേഷന് സംബന്ധിച്ച് ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ആക്ട് 205 അനുസരിച്ച് നിയമത്തില്‍ നാളിതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ആധാരം എഴുത്ത് അസോസിയേഷന് സംസ്ഥാന ഉപദേശകസമിതി ചെയർമാന് ഒ.എം. ദിനകരന്. ആധാരമെഴുത്തുകാരുടെ പൊന്‍കുന്നത്തു നടന്ന വിദ്യാഭ്യാസ അവാർഡ്ദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പിലെ ജീവനക്കാർ പലയിടങ്ങളിലും വില്‍പ്പത്രം പോക്കുവരവ് ചെയ്യുന്നതിന് പലതരത്തിലുള്ള തടസവാദങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങളില്‍ പരിഭ്രാന്തി ഉളവാക്കിയിട്ടുള്ളതായും ഒ.എം. ദിനകരന് ആരോപിച്ചു. വില്‍പ്പത്രം എഴുതിവച്ചതിനുശേഷം അയാളുടെ മരണശേഷം വില്പത്ര വ്യവസ്ഥകൾ പ്രകാരം വസ്തുവകകള്‍ പോക്കുവരവു ചെയ്ത് കരമടച്ചുകൊടുക്കുന്നതിനുള്ള നടപടിക്രമങ്ങളിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
വില്പ്പത്രകർത്താവിന്റെ മരണസർട്ടിഫിക്കറ്റ്, അവസാന വില്പ്പത്രമാണോ എന്നറിയാന്‍ വില്‍പ്പത്രത്തിന്റെ സർട്ടിഫൈഡ് കോപ്പി, ബാധ്യതാ സർട്ടിഫിക്കറ്റ്, നോട്ടറി മുന്‍പാകെയുള്ള സത്യവാങ്മൂലം, ലിസ്റ്റ് സർട്ടിഫിക്കറ്റ്, ലീഗല്‍ ഹയർ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ബോധിപ്പിച്ചാല്‍ പോക്കുവരവ് ചെയ്യാന്‍ പോകുന്നുവെന്നുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് വില്ലേജ് ഓഫീസർ പബ്ലിക് നോട്ടീസ് പ്രസിദ്ധീകരിക്കണം.
ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ റവന്യു പ്രിന്‍സിപ്പൽ സെക്രട്ടറി വിധിയുടെ വിശദാംശങ്ങള്‍ താലൂക്കിലേക്കും വില്ലേജ് ഓഫീസുകളിലേക്കും അയച്ചതിനെത്തുടർന്ന് പോക്കുവരവ് നടപടികള്‍ വില്ലേജ് ഓഫീസർമാർ കർശനമാക്കിയിട്ടുണ്ട്.
പബ്ലിക് നോട്ടീസിന്റെ കാലാവധി 30 ദിവസമായി ദീർഘിപ്പിച്ചു. ഇതല്ലാതെ പോക്കുവരവ് നടപടികള്‍ തടസപ്പെടുത്താനോ വ്യാഖ്യാനിച്ച് മാറ്റിവയ്ക്കാനോ ആരും അധികാരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ. സുധാകരന്‍നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരന്‍, ജനറല്‍ സെക്രട്ടറി എ. അന്‍സാർ, ജില്ലാ സെക്രട്ടറി വി.വി. ശശിമോന് എന്നിവർ പ്രസംഗിച്ചു.