മാനവികതയെ മഹത്വമാക്കുന്നതാണ് വിദ്യാഭ്യാസം: മാർ ജേക്കബ് മുരിക്കന്‍
1569806
Monday, June 23, 2025 11:36 PM IST
പെരുവന്താനം: മാനവികതയെ മഹത്വവത്കരിക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മാർ ജേക്കബ് മുരിക്കന്‍. പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ഒന്നാംവർഷ ബിരുദ വിദ്യാർഥികളുടെ ഉന്നത വിദ്യാരംഭത്തിന്റെയും ജ്ഞാനദീപ പ്രകാശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം വിദ്യാർഥികളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും സ്വയം ശുദ്ധീകരിക്കുന്നതിനൊപ്പം സമൂഹ ശുദ്ധീകരണത്തിനും വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്നും മാർ ജേക്കബ് മുരിക്കന്‍ കൂട്ടിച്ചേർത്തു.
പുതിയ ലോകം ജയിക്കുന്നവരുടേതാണെന്നും വിദ്യാർഥികൾ തങ്ങളുടെ അഭിരുചിക്ക് അനുസൃതമായ കോഴ്സുകൾ തെരഞ്ഞെടുത്ത് ജീവിതവിജയത്തിലേക്ക് സഞ്ചരിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു. ഓറിയന്റേഷൻ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
സമ്മേളനത്തിൽ എഡ്യൂക്കേഷണൽ എക്സലന്‍സ്, ഗുരുശ്രേഷ്ഠ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയെ അനുമോദിച്ചു. കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണവും റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ അനുഗ്രഹപ്രഭാഷണവും നടത്തി.
പുതുതായി പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികൾക്കും മാർ ജേക്കബ് മുരിക്കന്‍, ഡോ. സിറിയക് തോമസ്, റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ എന്നിവർ ജ്ഞാനദീപം പകർന്നു നൽകി. ചടങ്ങില്‍ ഇന്റഗ്രേറ്റഡ്, പ്രഫഷണൽ കോഴ്സുകൾക്ക് ഉന്നതവിജയം നേടിയ വിദ്യാർഥികളെ സ്വർണപ്പതക്കവും മെമന്റോയും നൽകി ആദരിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ്, വൈസ് പ്രിൻസിപ്പൽ സുപര്‍ണ രാജു, സെക്രട്ടറി ടിജോമോന്‍ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പത്തു ദിവസം നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ ആർട്ടിഫിഷൽ ഇന്റലിജന്‍സ്, റോബോട്ടിക്സ്, മിഷൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.