ഡ്രാഗൺ ഫ്രൂട്ടിന്റെ വിളനിലമായി ആശാനിലയം സ്പെഷൽ സ്കൂൾ
1569761
Monday, June 23, 2025 10:21 PM IST
വാഴൂർ: ഡ്രാഗൺ ഫ്രൂട്ടിന്റെ വിളനിലമായി ചെങ്കൽ എയ്ഞ്ചൽസ് വില്ലേജിലെ ആശാനിലയം സ്പെഷൽ സ്കൂൾ. ഡ്രാഗൺ ഫ്രൂട്ടിന്റെ ആദ്യ വിളവെടുപ്പ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പിടിഎ പ്രതിനിധി ടി.എം. ജോൺ തെങ്ങുംപള്ളിക്ക് ആദ്യഫലം നൽകി ഉദ്ഘാടനം ചെയ്തു. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു.
വാഴൂർ കൃഷി ഓഫീസർ ജി. അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, വാഴൂർ പഞ്ചായത്ത് മെംബർ ജിജി നടുവത്താനി, എയ്ഞ്ചൽസ് വില്ലേജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് കണ്ടത്തിൽ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്സിജെജി, ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റേ ഷൻ കോ-ഓർഡിനേറ്റർ സി.സി. തോമസ്, ഡ്രാഗൺ ഫ്രൂട്ട് കർഷകൻ കെ.എസ്. ജോസഫ്, സ്പെഷൽ എഡ്യൂക്കേഷൻ സീനിയർ കൺസൾട്ടന്റ് ഡോ. എ.ടി. ത്രേസ്യക്കുട്ടി, വൊക്കേഷണൽ ട്രെയ്നിംഗ് സെന്റർ കോ-ഓർഡിനേറ്റർ സുശീല കുര്യാച്ചൻ, ആശാനിലയം ഫാം സ്കൂൾ കോ-ഓർഡിനേറ്റർ ഷൈനി ജന്നർ എന്നിവർ പ്രസംഗിച്ചു.
എയ്ഞ്ചൽസ് വില്ലേജിനോടു ചേർന്ന് കഴിഞ്ഞ വർഷം ഒന്നര ഏക്കറിൽ 1600 ഡ്രാഗൺ ഫ്രൂട്ടിന്റെ ചെടികളാണ് കൃഷി ചെയ്തത്. ഡ്രാഗൺ ഫ്രൂട്ട് കൃഷി ഒരു തൊഴിൽ പരിശീലനവും തൊഴിലും ബിസിനസും എന്നതിനോടൊപ്പം ഒരു തെറാപ്പി എന്ന നിലയിൽക്കൂടിയാണ് പ്രയോജനപ്പെടുത്തുന്നത്. ജൈവകൃഷിരീതിയാണ് അവലംബിച്ചിരിക്കുന്നത്. വിളവെടുത്ത ഡ്രാഗൺ ഫ്രൂട്ട് പത്തൊന്പതാം മൈലിലെ എയ്ഞ്ചൽസ് ഷോപ്പിൽ ലഭ്യമാണ്.
ചക്കയുടെ പ്രോസസിംഗ് യൂണിറ്റ്, ചാണകപ്പൊടിയുടെ എൻറിച്ച്ഡ് കൗഡംഗ് യൂണിറ്റ് തുടങ്ങിയ കൃഷിസംരംഭങ്ങൾ ഉൾപ്പെടെ 72 അനുബന്ധ തൊഴിൽ സംരംഭങ്ങളോട് ചേർന്നാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയും ആരംഭിച്ചിരിക്കുന്നത്.