കൈപ്പുഴമുട്ടിലേക്ക് സർവീസ് നടത്താത്ത ബസുകൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന്
1569751
Monday, June 23, 2025 6:54 AM IST
വൈക്കം: വൈക്കം- വെച്ചൂർ-കൈപ്പുഴമുട്ട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സ്ഥിരമായി ബണ്ട് റോഡ് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്നതിൽ പ്രതിഷേധം രൂക്ഷമാകുന്നു. ബസ് സർവീസ് ഇടയ്ക്ക് അവസാനിപ്പിക്കുന്നതുമൂലം കൈപ്പുഴമുട്ടുവരെയുള്ള രണ്ടു കിലോമീറ്റർ ദൂരം നടന്നോ ഓട്ടോറിക്ഷയിലോ പോകേണ്ട സ്ഥിതിയിലാണ്.
ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ഷൈലകുമാറിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ചു ആർടിഒയ്ക്കു പരാതി നൽകി. ബസ് കൈപ്പുഴമുട്ടിലേക്ക് പോകണമെന്ന് യാത്രക്കാർ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടാൽ ബസ് ജീവനക്കാർ മോശമായി പെരുമാറുന്നതായും യാത്രക്കാർ ആരോപിക്കുന്നു.
സർവീസ് പൂർത്തിയാക്കാതെ യാത്രക്കാരെ വലയ്ക്കുന്ന ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കുന്നതിന് ജോയിന്റ് ആർടിഒ നടപടി സ്വീകരിക്കണമെന്ന് വെച്ചൂർ പഞ്ചായത്ത് ഭരണ സമിതിഅംഗങ്ങൾ ആവശ്യപ്പെട്ടു.