കൈതപ്രത്തിന് പുരസ്കാരം സമ്മാനിച്ചു
1569748
Monday, June 23, 2025 6:54 AM IST
കോട്ടയം: ഒരുപാട് പുരസ്കാരങ്ങളും അംഗീകാരങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും പലപ്പോഴും പൊട്ടിപ്പൊളിഞ്ഞ ജീവിതത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റിട്ടുള്ളയാളാണ് താനന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി.
ലോകസംഗീതദിനാഘോഷത്തോടനുബന്ധിച്ച് ആത്മയും കോട്ടയം പബ്ലിക് ലൈബ്രറി കൾച്ചറൽ സൊസൈറ്റിയും ചേർന്ന് നൽകിയ ആത്മ ശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായി കോട്ടയം പൂഞ്ഞാറിൽ എത്തിയത് 1967ലാണെന്നും ആദ്യ സിനിമാപ്രവേശനം നടത്തിയ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത് കാഞ്ഞിരപ്പള്ളി സ്വദേശി ഇ.സി. തോമസാണെന്നും അദ്ദേഹം പറഞ്ഞു. ആത്മ ശ്രേഷ്ഠ പുരസ്കാരം മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.
ലൈബ്രററി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. ഫാ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പ, സംവിധായകൻ ജോഷി മാത്യു എന്നിവർ പ്രസംഗിച്ചു. നാടകമേഖലയിൽ പ്രവർത്തിക്കുന്ന അൻവർ ഇബ്രാഹിം, ബാബുജി ബത്തേരി, മീനമ്പലം സന്തോഷ് എന്നിവർ മന്ത്രിയിൽനിന്ന് ആർട്ടിസ്റ്റ് കേശവൻ പുരസ്കാരം ഏറ്റുവാങ്ങി.