വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം
1569746
Monday, June 23, 2025 6:54 AM IST
കടുത്തുരുത്തി: വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്ന യാത്രക്കാരുടെ ആവശ്യം സഫലമാകാന്‍ ഇനി എത്രകാലം കാത്തിരിക്കണം. ആദര്‍ശ് സ്റ്റേഷനായ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് പ്രാധാന്യമേറെയാണ്. എന്നാല്‍ ഇവിടെ നിര്‍ത്തുന്ന ട്രെയിനുകള്‍ വളരെ കുറച്ചു മാത്രം. അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ എക്സപ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രതിസന്ധി.
വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനും കൂടുതല്‍ എക്സപ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് എന്ന ആവശ്യത്തിനുമായി നാട്ടുകാരും വിവിധ സംഘടനകളും സമരരംഗത്തുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ആപ്പാഞ്ചിറ പൗരസമിതി ഇതിന് നേതൃത്വം നല്കി വരുന്നു. വൈക്കം റോഡ് യൂസേഴ്സ് ഫോറവും ആവശ്യങ്ങള്‍ നേടിയെടുക്കാൻ സജീവമായി രംഗത്തുണ്ട്.
വൈക്കം അമൃത് ഭാരത് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെയും നാട്ടുകാരുടെയും സംഘടനകള്‍ക്കൊപ്പം വിവിധ രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും ഇടപെടല്‍ നടത്തിവരികയാണ്.
തിരുവനന്തുപരം ഡിവിഷന്റെ കേരള എക്സ്പ്രസ്, മധുര ഡിവിഷന്റെ പാലരുവി, ഗുരുവായൂര്‍-മധുര ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ ഒഴികെ ഒരു എക്സ്പ്രസ് ട്രെയിനിനും വൈക്കം റോഡിൽ സ്റ്റോപ്പ് ഇല്ല. കൂടാതെ പാസഞ്ചര്‍, മെമു തീവണ്ടികള്‍ മാത്രമാണ് ആപ്പാഞ്ചിറയില്‍ നിര്‍ത്തുന്നത്.
പരശുറാമിനും കേരളത്തിനകത്തുകൂടി മാത്രം സര്‍വീസ് നടത്തുന്ന വേണാട്, വഞ്ചിനാട്, എക്സ്പ്രസുകള്‍ക്കും ലൂപ് ലൈനില്‍ നിരവധി സ്റ്റോപ്പുകളുണ്ട്.
എന്നാല്‍ മെയിന്‍ ലൈനില്‍ ഐലന്‍ഡ് പ്ലാറ്റ്ഫോമുകളോടുകൂടിയ വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കുന്നില്ല. ഇവിടെ സ്റ്റോപ്പ് അനുവദിച്ചാല്‍ വൈക്കം, കടുത്തുരുത്തി, പാലാ നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടുമെന്ന് യാത്രക്കാര്‍ പറയുന്നു.