കൂരോപ്പട പഞ്ചായത്ത് ഏഴാം വാർഡ് സമ്പൂർണ നേന്ത്രവാഴ ഗ്രാമം
1569745
Monday, June 23, 2025 6:54 AM IST
കൂരോപ്പട :തുടർച്ചയായ അഞ്ചാം വർഷവും കൂരോപ്പട പഞ്ചായത്തിലെ ഏഴാം വാർഡ് കെട്ടിട നികുതി പിരിവ് 100 ശതമാനം പൂർത്തീകരിച്ചു. പ്രതിഫലമായി ഏഴാം വാർഡ് അംഗം അനിൽ കൂരോപ്പടയ്ക്ക് വാർഡിന്റെ വികസനത്തിന് ലഭിച്ച ഒരു ലക്ഷം രൂപ വിനിയോഗിച്ച് സമ്പൂർണ നേന്ത്രവാഴ ഗ്രാമം പദ്ധതിയും സമ്പൂർണ ഫലവൃക്ഷ ഗ്രാമം പദ്ധതിയും നടപ്പാക്കുകയാണ്.
ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന നേന്ത്രവാഴഗ്രാമം പദ്ധതിയുടെ ഭാഗമായി ഏഴാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി ടിഷ്യൂ കൾച്ചർ ഏത്തവാഴത്തൈകൾ നൽകും. പദ്ധതിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 11നു നടക്കും.
ഇടയ്ക്കാട്ടുകുന്ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലാപഞ്ചായത്തംഗം രാധാ വി. നായർ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു അധ്യക്ഷത വഹിക്കും. ഫാ. പൗലോസ് നൈനാൻ അനുഗ്രഹ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കും.
മുൻ വർഷങ്ങളിൽ നേട്ടം കൈവരിച്ചതിന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് നേന്ത്രവാഴഗ്രാമം പദ്ധതി, കേരഗ്രാമം പദ്ധതി, വയോജനങ്ങൾക്ക് സൗജന്യമായി വീൽചെയർ, വോക്കർ, വോക്കിംഗ് സ്റ്റിക്ക് എന്നിവ നൽകുന്ന ഓൾഡ് ഈസ് ഗോൾഡ് വയോജന ക്ഷേമ പദ്ധതി എന്നിവ വിജയകരമായി നടപ്പാക്കിയിരുന്നു.
ഏഴാം വാർഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ സ്ട്രീറ്റ് മെയിൻ സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്ന് അനിൽ കൂരോപ്പട പറഞ്ഞു.