പരിശോധനയില്ല; പഴകിയ മത്സ്യങ്ങളുടെ വിൽപ്പന തകൃതി
1569570
Monday, June 23, 2025 12:07 AM IST
കോട്ടയം: ട്രോളിംഗ് നിരോധന ത്തിന്റെ മറവിൽ മാര്‍ക്കറ്റില്‍ മാസങ്ങളും ആഴ്ചകളും പഴകിയ മീനുകള്‍ വില്‍പ്പന തകൃതി. ട്രോളിംഗ് നിരോധനം തുടങ്ങിയ ശേഷം മാര്‍ക്കറ്റിലെത്തിക്കുന്ന മീനുകളുടെ കാലപ്പഴക്കം അറിയാനോ അതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളെന്തെന്ന് കണ്ടെത്താനോ യാതൊരു പരിശോധനയുമില്ല. ഗുണമേന്മ ഉറപ്പാക്കാതെ കൊള്ളവിലയ്ക്ക് മീന്വാങ്ങുന്നവരാണ് ഏറെപ്പേരും. 200 രൂപയില്‍ താഴെ വിലയുള്ള ഒരു കടല്‍മത്സ്യവും ഇപ്പോൾ വിപണിയില്‍ നിലവില്‍ വില്‍പ്പനയ്ക്കില്ല. നത്തോലി, കിളി, ഏട്ട തുടങ്ങിയ മത്സ്യങ്ങള്‍ എത്തുന്നുമില്ല.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. ഇവര്‍ക്ക് ലഭിക്കുന്നതാവട്ടെ ചെറിയ മത്തിയും അയിലയും മാത്രം. മാസങ്ങള്‍ക്കു മുന്‍പ് പിടിച്ച് ഫ്രീസറില്‍ രാസവസ്തുക്കളിട്ടു സൂക്ഷിച്ച മോത, വറ്റ, തിരിയാന്‍, ചെമ്പല്ലി, ചൂര തുടങ്ങിയ മത്സ്യങ്ങളാണ് വന്‍കിട വ്യാപാരികള്‍ക്ക് ചില്ലറവില്‍പ്പനക്കാര്‍ക്ക് നല്‍കുന്നത്.
ഒറ്റ നോട്ടത്തില്‍ പഴക്കം തോന്നിക്കാത്ത മത്സ്യമാണ് വില്പ്പ നയ്ക്കുള്ളത്. ചെറുകിട വ്യാപാരികള്‍ക്കു പൊടുന്നനെ മത്സ്യത്തിന്റെ പഴക്കം കണ്ടെത്താനും കഴിയില്ല. ദിവസങ്ങളോളം ഐസില്‍ ഇട്ടതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ മത്സ്യമാണ് മാര്‍ക്കറ്റിലെത്തുന്നത്.
തമിഴ്നാട്ടില്‍നിന്നാണ് വലിയ തോതില്‍ മാലിന്യം കലര്‍ത്തിയ മത്സ്യം വരുന്നത്. ഇത്തരം മീന്‍ വീര്‍ക്കുന്നതും പാചകം ചെയ്താല്‍ വേകാതെ കിടക്കുന്നതും കറുത്തനിറമുണ്ടാകുന്നതും പതിവാണ്.
വിഷലിപ്തമായ മത്സ്യം വ്യാപകമായിട്ടും ചെക്ക് പോസ്റ്റുകളിലടക്കം പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറാകുന്നില്ല.
റോഡ് മാര്ഗമെത്തുന്നതിനെക്കാള് മീന്‍ ട്രെയിന്‍ വഴിയും എത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന് റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്നത് വലിയ പരിമിതിയാണ്. നാട്ടിലെ റോഹു, കട്ല, തിലോപ്പിയ. പിരാന, വാള തുടങ്ങിയ വളര്‍ത്തുമീനുകള്‍ക്ക് വില അല്പം കുറവുണ്ടെങ്കിലും രുചിയില്‍ പിന്നിലാണ്. ഇത്തരം മീനുകളില്‍ മുള്ളും നെയ്യും കൂടുതലുമാണ്.
മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുള്ള ഉണക്കമത്സ്യത്തിലും മാരക രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. പലയിനം ഉണക്കമീനുകള്‍ക്കും ചുവപ്പുനിറമാണ്. ജൂലൈ 31ന് ട്രോളിംഗ് നിരോധനം അവസാനിച്ചാലും ആഴക്കടലില്‍നിന്ന് മീന്‍ വിപണിയില്‍ വിലക്കുറവിലെത്താന് പിന്നെയും കാത്തിരിക്കേണ്ടിവരും.