ജില്ലയില്‍ തെരുവുനായ നിയന്ത്രണ പദ്ധതി നിലച്ചു
1569568
Monday, June 23, 2025 12:07 AM IST
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയില്‍പ്പെട്ട തെരുനായ വന്ധ്യംകരണ പദ്ധതി ജില്ലയില്‍ പൂര്‍ണമായി നിലച്ചു. തെരുവുനായകളുടെ എണ്ണം പെരുകി പേപ്പട്ടികള്‍ നൂറുകണക്കിന് പേരെ കടിക്കുന്ന സാഹചര്യത്തിലും നിയന്ത്രണത്തിന് നടപടിയില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഒക്ടോബറില്‍ അവസാനിക്കാനിരിക്കെ ഒരിടത്തും നായനിയന്ത്രണം വിജയകരമായി നടപ്പാക്കാനായില്ല.
പ്രതിരോധ വാക്സിനെടുത്താലും പേവിഷബാധ സ്ഥിരീകരിക്കുന്നത് ആശങ്കയുളവാക്കുന്നതിനിടെ പേവിഷബാധയേറ്റ് നിരവധിപ്പേര്‍ക്കാണു മരണം സംഭവിക്കുന്നത്.
തെരുവുനായ വന്ധ്യംകരണത്തിനുള്ള എബിസി സെന്ററുകളിലേക്ക് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഓപ്പറേഷന് തിയറ്റര്‍ എയര്‍ കണ്ടീഷന്‍ഡ് ആയിരിക്കണം, ശസ്ത്രക്രിയയ്ക്കു ശേഷം ആറുദിവസം സംരക്ഷിക്കണം, മുറിവ് ഉണങ്ങിയതിനുശേഷം മാത്രമേ പുറത്തുവിടാവൂ, എബിസി കേന്ദ്രത്തില്‍ റഫ്രിജറേറ്റര്‍ വേണം എന്നിവയാണു കേന്ദ്രചട്ടം അനുശാസിക്കുന്നത്.
സംസ്ഥാനത്ത് 15 എബിസി കേന്ദ്രങ്ങളുണ്ടെങ്കിലും ഒരിടത്തും തെരുവുനായകളുടെ വന്ധ്യംകരണം നടക്കുന്നില്ല. പുതിയ നിയമപ്രകാരം സിസിടിവി, ഇന്‍സിനറേറ്റര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. വെറ്ററിനറി ഡോക്ടര്‍ 2,000 എബിസി ശസ്ത്രക്രിയ ചെയ്തിട്ടുണ്ടാകണം. ഏഴ് വര്‍ഷത്തെ പരിചയം വേണം.
ഈ യോഗ്യതയുള്ളവരുടെ എണ്ണം കുറവാണ്. 2017 മുതല്‍ തെരുവുനായ നിയന്ത്രണ പദ്ധതി കുടുംബശ്രീ നടപ്പാക്കിയിയെങ്കിലും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ അത് ഹൈക്കോടതി തടഞ്ഞു. തെരുവുനായ വാക്സിനേഷന്, എബിസി പദ്ധതി, റാബീസ് ഫ്രീ കേരള പദ്ധതികള്‍ക്ക് 47.60 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചെങ്കിലും ഇത് നടപ്പാക്കാന്‍ സാധിച്ചില്ല.